ബെംഗളൂരു: സത്യസന്ധമായി ആദായനികുതി അടക്കുക എന്നത് ഏതൊരു പൗരന്‍റെയും കടമയാണ്. എന്നാല്‍ ഒരു കളളക്കടത്തുകാരനാണ് അത് ചെയ്യുന്നത് എങ്കില്‍ സത്യസന്ധത അവന് വിനയാകും എന്നതില്‍ യാതൊരു സംശയവുമില്ല. ബെംഗളൂരുവിലെ നിര്‍മാണ തൊഴിലാളിയായ രച്ചപ്പയാണ് സത്യസന്ധത കാണിച്ച് അറസ്റ്റില്‍ ആയിരിക്കുന്നത്.

2017-18 വര്‍ഷം ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച നാല്‍പത് ലക്ഷം രൂപ വരുമാനത്തിന്‍റെ നികുതിയാണ് ഈ മുപ്പത്തിനാലുകാരനെ കുടുക്കിയിരിക്കുന്നത്. നിര്‍മാണതൊഴിലാളിക്ക് നാല്‍പത് ലക്ഷം വരുമാനം എന്നതില്‍ സംശയം തോന്നിയ ആദായനികുതി ഉദ്യോഗസ്ഥരാണ് രച്ചപ്പയുടെ വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.

രച്ചപ്പ

പന്ത്രണ്ട് വര്‍ഷം മുന്‍പാണ് കര്‍ണാടകയിലെ ചമരാജനഗര്‍ ജില്ലയില്‍ നിന്നുമുള്ള രച്ചപ്പ ബെംഗളൂരുവിലേക്ക് ചേക്കേറുന്നത്. നഗരത്തില്‍ ഒരു നിര്‍മാണ തൊഴിലാളിയായി ജീവിതം ആരംഭിച്ച രച്ചപ്പ കുറച്ചുകാലമായി തങ്ങളുടെ നിരീക്ഷണത്തിലായിരുന്നു എന്നാണ് കോറമംഗല പൊലീസ് പറയുന്നത്. കാറില്‍ 26 കിലോ കഞ്ചാവുമായാണ് രച്ചപ്പയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

“അയാള്‍ ലഹരിക്ക്‌ അടിമയായിരുന്നു. ആദ്യമാദ്യം സ്വന്തം ആവശ്യത്തിനുള്ള കഞ്ചാവ് മാത്രമായിരുന്നു അയാള്‍ കൊണ്ടുനടന്നത്. പിന്നെ ആവശ്യക്കാര്‍ കൂടിയപ്പോള്‍ അയാള്‍ വില്‍പ്പനയിലേക്കും കടക്കുകയായിരുന്നു. തൊഴിലില്ലാത്ത കുറച്ച് ചെറുപ്പക്കാരെയും ഇതിനായി അയാള്‍ കൂടെ നിര്‍ത്തിയിട്ടുണ്ട്.” ദ് ഹിന്ദു പത്രത്തിനോട് പൊലീസ് പറഞ്ഞു.

താനൊരു അഭിഭാഷകനുമായി സംസാരിച്ച ശേഷമാണ് നികുതി ഫയല്‍ ചെയ്തത് എന്നാണ് രച്ചപ്പ പൊലീസിനോട് പറഞ്ഞത്. കോൺട്രാക്ടർ ആണെന്ന് കാണിച്ചുകൊണ്ട് ഒരു വ്യാജ ലൈസന്‍സ് സംഘടിപ്പിക്കാനായിരുന്നു അഭിഭാഷകന്‍ ഇയാളെ ഉപദേശിച്ചത്.

ഇക്കാലയളവില്‍ ബെംഗളൂരു കനകാപുര റോഡില്‍ ഒരു വില്ല സ്വന്തമാക്കിയതിന് പുറമേ സ്വന്തം നാട്ടില്‍ രണ്ട് വീടും ഏതാനും ഏക്കര്‍ ഭൂമി സ്വന്തമാക്കാനും രച്ചപ്പയ്ക്കായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook