ജയ്പൂര്‍: രാജസ്ഥാനില്‍ ശനിയാഴ്ച പശുക്കടത്ത് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. ‘പശുവിനെ കടത്തിയാല്‍ നിങ്ങള്‍ കൊല്ലപ്പെടും’ എന്ന് അഹൂജ പറഞ്ഞു. സാക്കിര്‍ ഖാന്‍ എന്നയാളെയാണ് പശുക്കടത്ത് ആരോപിച്ച് ശനിയാഴ്ച ആൾക്കൂട്ടം തല്ലിച്ചതച്ചത്.

എട്ട് പശുക്കളുമായി പോവുകയായിരുന്ന സാക്കിറിനെ പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വണ്ടി നിര്‍ത്താതെ പോവുകയായിരുന്നു. വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ വെടിവച്ചതായും പൊലീസ് ആരോപിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വണ്ടി തടഞ്ഞ് സാക്കിറിനേയും മറ്റ് മൂന്ന് പേരേയും ആക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതികരണവുമായാണ് എംഎല്‍എ ഭീഷണി മുഴക്കിയത്. ‘പശുവിനെ കടത്തുകയും കശാപ്പ് ചെയ്യുകയും ചെയ്താല്‍ നിങ്ങള്‍ കൊല്ലപ്പെടും’, അഹൂജ പറഞ്ഞു. ‘പശു മാതാവാണ്. മാതാവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയോ ചെയ്താൽ നിങ്ങളെ കൊലപ്പെടുത്തുമെന്നായിരുന്നു എംഎൽഎയുടെ മറുപടി. ജെഎൻയു സർവകലാശാലയിൽ നിന്നും 3,000 കോണ്ടങ്ങളും 2,000 മദ്യക്കുപ്പികളും ലഭിച്ചെന്ന് പറഞ്ഞ് അപഹാസ്യനായ ആളാണ് എംഎല്‍എ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ