ന്യൂഡല്‍ഹി: ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാര്‍ (ടിഎസ്പി) രണ്ടാംഘട്ട എസ്എംഎസ് നിയന്ത്രണം നടപ്പാക്കാന്‍ തുടങ്ങിയതോടെ ബാങ്കുകളുടെയും ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഈ നീക്കം, വിവിധ സേവനങ്ങള്‍ക്കായി ബാങ്കുകളും ഇ-കൊമേഴ്സ് സ്ഥാപനങ്ങളും ഒറ്റത്തവണ പാസ് വേർഡ് (ഒടിപി) അയയ്ക്കുന്നത് ഉള്‍പ്പെടെയുള്ളവയെ തുടർച്ചയായ രണ്ടാം ദിവസവും തടസപ്പെടുത്തി.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മാര്‍ഗനിര്‍ദേശമനുസരിച്ച് ഓരോ എസ്എംഎസ് ഉള്ളടക്കവും കൈമാറുന്നതിനു മുന്‍പ് സ്ഥിരീകരിക്കേണ്ടതുണ്ട്. സ്‌ക്രബിങ് എന്നറിയപ്പെടുന്ന ഈ സംവിധാനം, ഏറെ കാലതാമസത്തിനുശേഷം തിങ്കളാഴ്ച മുതല്‍ നടപ്പാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് സ്ഥിരീകരിക്കാത്തതും രജിസ്റ്റര്‍ ചെയ്യാത്തതുമായ എസ്എംഎസ് സന്ദേശങ്ങള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ തടഞ്ഞിരിക്കുകയാണ്.
എസ്എംഎസ് നിയന്ത്രണം വിവിധ പേയ്മെന്റുകൾക്കും മറ്റു ബാങ്കിങ് സേവനങ്ങള്‍ക്കും ഒടിപി അയയ്ക്കുന്ന പ്രക്രിയയെയാണു കാര്യമായി ബാധിച്ചത്.
”തുക കൈമാറ്റത്തിനായി ഒടിപി ലഭിക്കുന്നില്ലെന്ന ഉപഭോക്താക്കളുടെ പരാതി പ്രളയമാണ് ബാങ്കുകളില്‍. ഇത് രാജ്യത്തുടനീളമുള്ള സേവനങ്ങളെ ബാധിച്ചു. നിയന്ത്രണം നടപ്പാക്കല്‍ ശരിയായില്ല. ഇത് ശ്രദ്ധാപൂര്‍വം നടപ്പാക്കേണ്ടതായിരുന്നു,” ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Also Read: സ്വപ്‌നയുടെ രഹസ്യമൊഴി പുറത്തുവിട്ട സംഭവം: കസ്റ്റംസ് കമ്മീഷണർക്ക് അഡ്വക്കേറ്റ് ജനറലിന്റെ നോട്ടീസ്
”ബന്ധുവിനു കുറച്ച് തുക കൈമാറേണ്ടിയിരുന്നു., പക്ഷേ ഒടിപി ലഭിക്കാത്തതുകൊണ്ട് എനിക്ക് തുക കൈമാറാൻ കഴിഞ്ഞില്ല,” ഒരു പ്രമുഖ സ്വകാര്യ ബാങ്കിന്റെ ഉപഭോക്താവ് പറഞ്ഞു.
ട്രായ് പറയുന്നതനുസരിച്ച്, ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ എസ്.എംഎസ് ലഭിക്കുന്നതിനുള്ള വരിക്കാരുടെ പ്രഖ്യാപിത താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി സമ്മതം നേടിയെടുക്കുകയാണ്.
”പുതിയ ചട്ടങ്ങള്‍ വരിക്കാര്‍ക്ക് അവരുടെ സമ്മതത്തിന്മേല്‍ പൂര്‍ണമായ നിയന്ത്രണവും ഇതിനകം നല്‍കിയിട്ടുള്ള സമ്മതം റദ്ദാക്കാനുള്ള അവസരവും നല്‍കുന്നു. നിലവിലെ ചട്ടങ്ങളുടെ ദുരുപയോഗം അങ്ങനെ അവസാനിപ്പിക്കും,” ട്രായ് വൃത്തങ്ങൾ പറഞ്ഞു.
ട്രാന്‍സാക്ഷണല്‍ സ്ട്രീമിലേക്കു പ്രമോഷണല്‍ സന്ദേശങ്ങള്‍ മനപ്പൂര്‍വ്വം കൂട്ടിക്കലര്‍ത്തുന്നത് തടയുന്നതിനായി എസ്എംഎസ്, വോയ്‌സ് കമ്യൂണിക്കേഷന്‍ എന്നിവയ്ക്കായി റജിസ്റ്റര്‍ ചെയ്ത ടെംപ്ലേറ്റുകള്‍ എന്ന ആശയം അവതരിപ്പിച്ചതായി ട്രായ് അറിയിച്ചു.
ട്രായ് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ ടെലിമാര്‍ക്കറ്റര്‍മാരും ബിസിനസുകളും പാലിക്കണമെന്ന് ടെലികോം കമ്പനികള്‍ പറഞ്ഞു. ഓരോ എസ്എംഎസിന്റെയും ഉള്ളടക്കം പരിശോധിച്ചുറപ്പിക്കാന്‍ ബ്ലോക്ക്‌ചെയിന്‍ രീതിയാണ് ഉപയോഗിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത എസ്എംഎസുകള്‍ തടയും.
ഉള്ളടക്ക ടെംപ്ലേറ്റ് മാര്‍ച്ച് ഏഴിനു മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് ടെലികോം കമ്പനികള്‍ വ്യക്തമാക്കി.
”ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാര്‍ ട്രായ് ചട്ടങ്ങള്‍ പാലിക്കുന്നു. ആവശ്യപ്പെടാത്ത വാണിജ്യ ആശയവിനിമയത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനായി ഉള്ളടക്ക സ്‌ക്രബ്ബിങ് പ്രക്രിയ സജീവമാക്കി. 2021 മാര്‍ച്ച് ഏഴിനു മുന്‍പ് ഉള്ളടക്ക ടെംപ്ലേറ്റ് രജിസ്റ്റര്‍ ചെയ്യുന്നതിനു ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാര്‍ നിരവധി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഉള്ളടക്ക ടെംപ്ലേറ്റ് ടിഎസ്പികളില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെടാത്ത വാണിജ്യ ആശയവിനിമയത്തിന്റെ പ്രശ്‌നം പരിഹരിക്കാനും ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്,” സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ എസ്.പി കൊച്ചാര്‍ പറഞ്ഞു.