ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ പാര്‍ലമെന്റിലെ ശ്രദ്ധാകേന്ദ്രമായത് ബിജെപി എംപി സ്മൃതി ഇറാനി. വന്‍ വരവേല്‍പ്പാണ് സ്മൃതി ഇറാനിക്ക് ലഭിച്ചത്. ബിജെപി എംപിമാര്‍ നിര്‍ത്താതെ കൈയ്യടിച്ചാണ് സ്മൃതി ഇറാനിയെ സത്യപ്രതിജ്ഞയ്ക്കായി സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും ഡസ്‌കില്‍ നിര്‍ത്താതെ കൈയ്യടിച്ചു. ഏറെ സമയം കൈയ്യടിച്ച ശേഷമാണ് സഭ ശാന്തമായത്.
Read Also: വെടിയേറ്റ് മരിച്ച തിരഞ്ഞെടുപ്പ് പ്രചാരകന്റെ ശവമഞ്ചവുമായി സ്മൃതി ഇറാനി, വീഡിയോ
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഈ സമയത്ത് സഭയിലുണ്ടായിരുന്നില്ല. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി സന്നിഹിതയായിരുന്നു. രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ചാണ് ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി സ്മൃതി ഇറാനി വിജയിച്ചത്. മൂന്ന് തവണ തുടര്‍ച്ചയായി അമേഠി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത് രാഹുല്‍ ഗാന്ധിയാണ്. എന്നാല്‍, ഇത്തവണ ഗാന്ധി കുടുംബം ആധിപത്യം പുലര്‍ത്തിയിരുന്ന പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലം സ്മൃതി ഇറാനി പിടിച്ചെടുക്കുകയായിരുന്നു.
Read Also: അമേഠിയിൽ അടിതെറ്റിയ രാഹുൽ; സ്മൃതി ഇറാനിക്ക് ജയം
കേന്ദ്ര മന്ത്രിസഭയില്‍ സ്മൃതി ഇറാനിയെ പങ്കാളിയാക്കിയത് രാഹുലിനെ തോല്‍പ്പിച്ച സ്ഥാനാര്‍ഥി എന്ന മാനദണ്ഡത്തിലാണ്. അമേഠി മണ്ഡലത്തില്‍ നിന്ന് 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി വിജയിച്ചത്. രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. രണ്ട് മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധി മത്സരിച്ചത്. അമേഠിയില്‍ തോറ്റ രാഹുല്‍ കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മൂന്ന് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു.
തുടർച്ചയായി മൂന്ന് തവണ അമേഠി മണ്ഡലത്തെ പ്രതിനിധീകരിച്ച രാഹുൽ ഗാന്ധി ഇത്തവണ ആദ്യ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതും അമേഠിയിൽ മാത്രമായിരുന്നു. പിന്നീടാണ് വയനാട് സീറ്റിലും മത്സരിക്കാൻ തീരുമാനിച്ചത്. ന്യൂനപക്ഷ പ്രീണനം ലക്ഷ്യം വച്ചാണ് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നതെന്ന ആക്ഷേപവും ഇതേ തുടർന്ന് ഉയർന്നു. അമേഠിയിലെ പ്രചാരണത്തിലടക്കം സ്മൃതി ഇറാനിയും ബിജെപിയും രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം വലിയ ചർച്ചാ വിഷയമാക്കി. എംപിയായാൽ അമേഠി വിട്ട് വയനാട്ടിലേക്ക് രാഹുൽ ഗാന്ധി ചേക്കേറുമെന്ന് പോലും ബിജെപി പ്രചാരണം നടത്തി. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അമേഠിയിൽ രാഹുലിനേറ്റ തോൽവിയുടെ ഒരു കാരണം വയനാട് സ്ഥാനാർഥിത്വമാണെന്ന് കോൺഗ്രസിലടക്കം സംസാരമുണ്ടായിരുന്നു. 2014 ൽ രാഹുൽ ഗാന്ധി അമേഠിയിൽ വിജയിച്ചത് സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയാണ്.