ന്യൂഡല്‍ഹി: കത്തുവ, ഉന്നാവോ സംഭവങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സംഭവത്തില്‍ കേന്ദ്രം നിശബ്ദത തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇരകളെ അപമാനിക്കുന്ന തരത്തില്‍ ആരും ഇടപെടരുതെന്നായിരുന്നു ഇറാനി പറഞ്ഞത്.
ഉന്നാവോയില്‍ 17 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിനെ കസ്റ്റഡിയിലെടുത്തിരുന്നു. കത്തുവയില്‍ എട്ട് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കേസിലെ പ്രതികളെ രക്ഷിക്കാനായി ബിജെപി മന്ത്രിമാരടക്കം രംഗത്ത് എത്തിയിരുന്നു. ബിജെപി എംഎല്‍എമാരടക്കം ഉള്‍പ്പെട്ട കേസുകളില്‍ കേന്ദ്രമോ ബിജെപി നേതൃത്വമോ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലായിരുന്നു മന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞത്.
‘നിയമ വിഭാഗങ്ങളും സര്‍ക്കാരും വേണ്ട നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഇരകളെ അപമാനിക്കരുതെന്നാണ്,” എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് സ്മൃതി ഇറാനിയുടെ പ്രതികരണം. ഉന്നാവോയിലെ ബലാത്സംഗ കേസ് യുപി ഗവണ്മെന്റ് സിബിഐയ്ക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എയെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ കേന്ദ്ര മന്ത്രി മേനക ഗാന്ധിയും സംഭവങ്ങളില്‍ പ്രതികരിച്ചു. വിഷയത്തില്‍ പ്രതികരിച്ച ഏക കേന്ദ്രമന്ത്രിമാര്‍ മേനകയും ഇറാനിയും മാത്രമാണ്. തന്നെ ആഴത്തില്‍ വേദനിപ്പിച്ചെന്നും കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കാന് നിയമത്തില്‍ ഭേദഗതി വരുത്താന്‍ ശ്രമിക്കുമെന്നുമായിരുന്നു മേനകയുടെ പ്രതികരണം.