ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സംസ്കാരമുള്ള എല്ലാ കുടുംബങ്ങളും തങ്ങളുടെ വീട്ടിലെ കുട്ടികളെ പ്രിയങ്ക ഗാന്ധിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പ്രസ്താവന. മോദിക്കെതിരെ കുട്ടികള്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ അവരോട് അത് വേണ്ട എന്ന് പറയുന്ന പ്രിയങ്ക ഗാന്ധിയും വീഡിയോയില്‍ ഉണ്ട്. ഈ വീഡിയോയിലൂടെ പ്രിയങ്ക ഗാന്ധിക്ക് ഏറെ പ്രശംസ കിട്ടിയതിനു പിന്നാലെയാണ് പരിഹാസവുമായി സ്മൃതി ഇറാനി രംഗത്തെത്തിയത്.
Read More: സ്മൃതിയുടെ ‘ഷൂസ് വിതരണം’ രാഹുലിനെയല്ല ജനങ്ങളെ അപമാനിക്കാന്‍: പ്രിയങ്ക
കുട്ടികളെ പ്രിയങ്ക ചൂഷണം ചെയ്യുകയാണ്. പ്രധാനമന്ത്രിയെ പരിഹസിക്കാന്‍ പ്രിയങ്ക തന്നെയാണ് കുട്ടികളോട് പറഞ്ഞത്. അതിന് ശേഷം വീഡിയോയിലൂടെ ശ്രദ്ധ നേടാന്‍ നോക്കുകയാണ്. കുട്ടികളെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും പ്രിയങ്കയെ ഉന്നമിട്ട് സ്മൃതി പറഞ്ഞു.
“പ്രിയങ്ക ഗാന്ധിയുടെ ഈ പെരുമാറ്റത്തില്‍ നിന്ന് കുട്ടികള്‍ക്ക് എന്ത് നല്ല കാര്യമാണ് പഠിക്കാന്‍ കഴിയുന്നത്. അതുകൊണ്ട്, സംസ്കാരമുള്ള എല്ലാ കുടുംബങ്ങളോടും ഞാന്‍ ആവശ്യപ്പെടുകയാണ് അവരുടെ കുട്ടികളെ പ്രിയങ്കയില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന്” – സ്മൃതി ഇറാനി പറഞ്ഞു.
Read More: ‘ബിജെപി നേരിടാന്‍ പോകുന്നത് വലിയ തിരിച്ചടി’: പ്രിയങ്ക ഗാന്ധി
രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രിയങ്ക നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെയും സ്മൃതി പരിഹസിച്ചു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്ഥിയല്ലാത്ത പ്രിയങ്കയാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. പ്രചാരണത്തിന് പ്രിയങ്ക എത്തുന്നത് രാഹുല്‍ ഗാന്ധിയുടെ കഴിവുകേടാണ് കാണിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രിയങ്ക ഗാന്ധി പരിഹസിക്കുകയാണെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് പ്രിയങ്കക്ക് യാതൊരു ബഹുമാനവും ഇല്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
Read More: ‘ഒരിക്കല്‍ മന്ത്രിയ്ക്കും ബിരുദമുണ്ടായിരുന്നു’; സ്മൃതി ഇറാനിയെ പരിഹസിച്ച് പ്രിയങ്ക ചതുര്‍വേദി
യുപിയിലെ അമേഠി മണ്ഡലത്തില്‍ നിന്നാണ് സ്മൃതി ഇറാനി ജനവിധി തേടുന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സ്മൃതിയുടെ മുഖ്യ എതിരാളി. 2014 ല്‍ രാഹുല്‍ ഗാന്ധിയോട് ഒരു ലക്ഷത്തിലേറെ വോട്ടിനാണ് സ്മൃതി ഇറാനി പരാജയം സമ്മതിച്ചത്.