ന്യൂഡൽഹി: കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന്റെ ചുമതലയിൽ നിന്ന് സ്‌മൃതി ഇറാനിയെ മാറ്റി. രാജ്യവർദ്ധൻ സിങ് റാത്തോഡിനാണ് പകരം ചുമതല. ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിനിടെ നടന്ന സംഭവ വികാസങ്ങളുടെ പിന്നാലെയാണ് തീരുമാനം.
കേന്ദ്ര ടെക്സ്റ്റൈയിൽസ് വകുപ്പിന്റെ ചുമതലയിൽ സ്മൃതി ഇറാനിയെ നിലനിർത്തി. അരുൺ ജെയ്‌റ്റ്‌ലി ചികിത്സയിൽ തുടരുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനാണ് ധന മന്ത്രാലയത്തിന്റെ അധിക ചുമതല കൈമാറിയിരിക്കുന്നത്. റയിൽവേ മന്ത്രാലയത്തിനൊപ്പം ആണ് ഈ ചുമതലയും വഹിക്കേണ്ടത്.
നേരത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിൽ അവാർഡ് ജേതാക്കൾ പുരസ്കാരം ഏറ്റുവാങ്ങേണ്ട ചടങ്ങിൽ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ സംഭവം രാഷ്ട്രപതി ഭവന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. പിന്നാലെ രാഷ്ട്രപതി ഭവൻ പ്രധാനമന്ത്രിയുടെ ഓഫീസിനെ ഈ സംഭവത്തിലെ അതൃപ്തി അറിയിച്ചിരുന്നു.
അൽഫോൺസ് കണ്ണന്താനത്തിന്റെ ചുമതലകളിലും മാറ്റമുണ്ട്. കണ്ണന്താനത്തിന് ടൂറിസം വകുപ്പ് മാത്രം നൽകിക്കൊണ്ടാണ് തീരുമാനം. ഐടി ആന്റ് ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിൽ നിന്നാണ് മാറ്റിയത്.