ന്യൂഡൽഹി: അമേഠിയില്‍ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പത്രിക സമര്‍പിച്ചു കഴിഞ്ഞു. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഏറെ വിവാദം സൃഷ്ടിച്ച സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത തർക്കത്തിന് പുതിയ വഴിത്തിരിവാണ് പത്രിക സമര്‍പണത്തിലൂടെ ഉണ്ടായത്. ബിരുദധാരിയല്ലെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങൾ ഇത്തവണ അംഗീകരിച്ചിരിക്കുകയാണ് സ്മൃതി ഇറാനി. ഡൽഹി യൂണിവേഴ്സിറ്റിയുടെ വിദൂര പഠന സംവിധാനത്തിലൂടെ ബിരുദത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കാനായിട്ടില്ലെന്ന് സ്മൃതി ഇറാനി വ്യക്തമാക്കിയിരിക്കുന്നു.
നാമനിർദേശ പത്രികയിലാണ് സ്മൃതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ബി.കോമിനാണ് ചേർന്നതെന്നും ആദ്യ വർഷ പരീക്ഷ എഴുതിയെന്നും ഇറാനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മൂന്നുവർഷത്തെ കോഴ്സ് തനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും സ്മൃതി വ്യക്തമാക്കുന്നു.
1991ൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്. 1993ല്‍ സീനിയർ സ്കൂൾ പരീക്ഷയും പാസായിട്ടുണ്ടെന്ന് സ്മൃതി നാമനിർദേശ പത്രികയിൽ വ്യക്തമാക്കിയിരിക്കുന്നു.2004ൽ ചാന്ദ്നി ചൗക്കിൽ നിന്ന് മത്സരിച്ചപ്പോൾ 1996ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎയിൽ ബിരുദം നേടിയിരുന്നെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ആര്‍ട്സ് പഠിച്ചില്ലെന്നും കൊമേഴ്സാണ് തുടങ്ങി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതെന്നാണ് സ്മൃതി വ്യക്തമാക്കുന്നത്. 2014ൽ മത്സരിച്ചപ്പോൾ 1994ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബികോമിൽ ബിരുദം നേടിയിരുന്നെന്ന് സ്മൃതി വ്യക്തമാക്കി.
ഇതിനു പുറമെ യുഎസിലെ യാലെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി നേടിയെന്നും സ്മൃതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്. വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കാത്തതിൽ സ്മൃതിക്കെതിരെ കേസും ഉണ്ട്.