മഡ്രിഡ്: ലാന്‍ഡിങ്ങിന് മിനിറ്റുകള്‍ മാത്രം ശേഷിക്കെ വിമാനത്തിനുള്ളില്‍ പുക. ലണ്ടനില്‍ നിന്ന് സ്‌പെയിനിലേക്കു പോയ ബ്രിട്ടിഷ് എയര്‍വെയ്‌സ് വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിനുള്ളില്‍ പുക നിറഞ്ഞതോടെ യാത്രക്കാരെല്ലാം ഭയവിഹ്വലരായി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വെളുത്ത പുക കാബിനുള്ളില്‍ നിറഞ്ഞതെന്നാണ് വിവരം.

വലൻസിയ വിമാനത്താവളത്തിലാണ് അടിയന്തര ലാൻഡിങ് നടത്തിയത്. നിലത്തിറക്കിയ വിമാനത്തിൽ നിന്ന് എമർജൻസി വാതിൽ വഴി യാത്രക്കാരെ പുറത്തെത്തിക്കുകയും ചെയ്തു. അടുത്ത രണ്ടു സീറ്റിനു മുന്നിലെ ആളുകളെ കാണാൻ പോലുമാകാത്ത സ്ഥിതിയിലായിരുന്നു വിമാനത്തിനുള്ളിലെ പുകയെന്ന് യാത്രക്കാരിയായ റേച്ചൽ ജുപ്പ് പറയുന്നു. നിലത്തിറങ്ങി എത്രയും പെട്ടെന്ന് വിമാനത്തിനടുത്തുനിന്ന് സാധിക്കുന്നത്ര ദൂരത്തേക്ക് ഓടിമാറണമെന്ന് പറഞ്ഞിരുന്നതായും അവർ വ്യക്തമാക്കി.

പുക പടർന്നതു മൂലം ഏതാനും യാത്രക്കാർക്ക് ശരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അസ്വസ്ഥത നേരിട്ട മൂന്ന് യാത്രക്കാരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലർക്ക് ശ്വാസ തടസം ഉണ്ടായതായാണ് റിപ്പോർട്ട്. പുക പടർന്നതോടെ എല്ലാവരും ഭയപ്പെട്ടതായി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook