ബീജിങ്: പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ ഗ്രൂപ്പ് മേധാവിയും സഹസ്ഥാപകനുമായ ജാക്ക് മാ സ്ഥാനമൊഴിയുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 1999ല്‍ ആലിബാബ സ്ഥാപിക്കും മുമ്പ് അദ്ദേഹം ഇംഗ്ലീഷ് അധ്യാപകനായിരുന്നു. അധ്യാപനത്തിലേക്കും പഠനത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജാക്ക് മാ സ്ഥാനമൊഴിയുന്നതെന്നാണ് വിവരം. ‘ഒരു കാലഘട്ടത്തിന്റെ തുടക്കത്തിന് വേണ്ടിയാണ് ഞാന്‍ സ്ഥാനമൊഴിയുന്നത്, ഇതൊരു അവസാനമല്ല’, ജാക്ക് മാ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. എന്നാല്‍ താത്കാലികമായി മാത്രമാണ് അദ്ദേഹം പടിയിറങ്ങുന്നതെന്നും വിവരമുണ്ട്.

തന്റെ നേതൃസ്ഥാനത്തെ കുറിച്ച് അദ്ദേഹം പ്രതികരണം നടത്തി. ‘സമര്‍ത്ഥരായ ആളുകളെ നയിക്കാന്‍ ഒരു വിഡ്ഢിക്കാണ് കഴിയുക. സംഘത്തിലുളളത് മുഴുവന്‍ ശാസ്ത്രജ്ഞരാണെങ്കില്‍ ഒരു കര്‍ഷകന്‍ നയിക്കുന്നതാണ് നല്ലത്. അവന്റെ ചിന്താഗതി വളരെ വ്യത്യസ്തമായിരിക്കും. വ്യത്യസ്ത തലങ്ങളില്‍ കാര്യങ്ങളെ നോക്കി കാണുന്നവര്‍ കൂടെ ഉണ്ടെങ്കില്‍ വിജയം എളുപ്പമായിരിക്കും’, ജാക്ക് മാ പറഞ്ഞു.
നേതൃസ്ഥാനത്ത് സ്ത്രീകള്‍ വരുന്നത് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘പുരുഷന്മാരേക്കാള്‍ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ കഴിയുന്നത് സ്ത്രീകള്‍ക്കാണ്. ശാന്തതയാണ് ദൈവം അവര്‍ക്ക് നല്‍കിയ ഏറ്റവും വലിയ ആയുധം. അവര്‍ക്ക് സഹിഷ്ണുത നന്നായി അറിയാം. നിങ്ങളുടെ എതിരാളിയില്‍ അല്ല ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, നിങ്ങളുടെ ഉപഭോക്താക്കളെയാണ് ശ്രദ്ധിക്കേണ്ടത്. ലോകത്തെ മാറ്റി മറിക്കുന്നത് സാങ്കേതികവിദ്യയല്ല, സാങ്കേതിക വിദ്യയ്ക്ക് പിറകിലുളള സ്വപ്നങ്ങളാണ് ലോകത്തെ മാറ്റുന്നത്’, ജാക്ക് മാ.

‘പണം ഇല്ലായ്മ അല്ല നമ്മുടെ ന്യൂനത. സ്വപ്നം കൊണ്ട് ജീവിക്കുകയും ആ സ്വപ്നത്തിന് വേണ്ടി മരിക്കുകയും ചെയ്യുന്ന ആള്‍ക്കാരില്ലാത്തതാണ് നമ്മുടെ പോരായ്മ’, ജാക്ക് മാ കൂട്ടിച്ചേര്‍ത്തു.

വിരമിക്കുമ്പോള്‍ ജാക്ക് മായുടെ ആസ്തി 36.6 ബില്യണ്‍ ഡോളറാണെന്ന് ഫോബ്സിന്റെ കണക്കുകളില്‍ പറയുന്നു. വിരമിക്കുന്ന തിങ്കളാഴ്ച തന്നെയാണ് അദ്ദേഹത്തിന്റെ 54-ാം ജന്മദിനം എന്നത് ശ്രദ്ധേയമാണ്. എന്‍ട്രന്‍സ് പരീക്ഷകള്‍ രണ്ട് തവണ തോറ്റപ്പോള്‍ ജാക്ക് മാ തീരുമാനിച്ചതാണ് ഇത് തനിക്ക് പറ്റിയ പണിയല്ലെന്ന്. സാംസ്‌കാരിക വിഷയങ്ങളില്‍ ബിരുദമെടുക്കാമെന്ന് തീരുമാനിച്ച് ജാക്ക് മാ പോയി എടുത്തു, ഒന്നല്ല രണ്ട് ബിരുദങ്ങള്‍. ഇംഗ്ലീഷിലും ആര്‍ട്‌സിലും.

പിന്നീട് ജോലിക്കായി വിവിധ സ്ഥാപനങ്ങളുടെ വാതിലുകള്‍ കയറി ഇറങ്ങി. കെഎഫ്‌സി റെസ്റ്ററന്റില്‍ പോലും ജോലി തേടി പോയി. പക്ഷെ ആരും ഈ നാണം കുണുങ്ങിയായ ചൈനീസ് ചെറുപ്പക്കാരന് ജോലി കൊടുത്തില്ല. എന്നാല്‍ 1995 ലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന അപൂര്‍വ്വം ചെറുപ്പക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. സുഹൃത്തുക്കള്‍ ടിവി കണ്ട് രസിക്കുമ്പോഴും ആ കാലത്ത് ഇന്റര്‍നെറ്റില്‍ അര പേജ് ലോഡ് ആകാന്‍ മൂന്നര മണിക്കൂര്‍ കാത്തിരിക്കാനും ജാക്ക് മായ്ക്ക് മടിയുണ്ടായിരുന്നില്ല.

1995 ല്‍ ചൈന എന്ന് ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്ത ജാക്ക് മായ്ക്ക് ഒരു റിസള്‍ട്ടുകളും ലഭിച്ചില്ല. അന്ന് ചൈനീസ് തര്‍ജ്ജമകള്‍ നല്‍കുന്ന ഒരു വെബ്‌സൈറ്റ് സുഹൃത്തിന്റെ സഹായത്തോടെ തുടങ്ങിയ ജാക്ക് മായ്ക്ക് ആദ്യ മണിക്കൂറുകളില്‍ ലഭിച്ച ഇ-മെയിലുകള്‍ ആ കാലത്തും ആയിരങ്ങള്‍ ആയിരുന്നു. അവിടുന്നാണ് ജാക്ക് മാ ആലിബാബ തുടങ്ങിയത്. ഇന്ന് ആലിബാബ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണന കമ്പനിയാണ്.

ഒരു സാധാരണ അദ്ധ്യാപകന്റെ ഒറ്റമുറി ഫ്ലാറ്റില്‍ നിന്നും 60000 രൂപക്ക് തുടങ്ങിയ സംരംഭം ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യത്തെ 80 ശതമാനം ഓണ്‍ലൈന്‍ ബിസിനസും നടക്കുന്ന സ്ഥാപനമാണ് എന്ന് പറയുമ്പോള്‍ മനസിലാക്കാം ആലിബാബയുടെ നെറ്റ് വര്‍ക്കിങ്. 200 ല്‍ അധികം രാജ്യങ്ങളില്‍ ആലിബാബക്ക് വിപണനമുണ്ട്. ആലിബാബയുടെ വളര്‍ച്ച കണ്ട് യാഹൂ ഡോട്ട് കോം കമ്പനിയുടെ 40 ശതമാനം ഓഹരികളും 2012 ല്‍ തന്നെ സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook