കാലിഫോർണിയ: തിരക്കേറിയ റോഡിൽ ചെറുവിമാനം പറന്നിറങ്ങിയത് കണ്ട് യാത്രക്കാർ ഞെട്ടി. കാലിഫോർണിയ സിറ്റിയായ ഹണ്ടിങ്ടൺ ബീച്ചിലാണ് സംഭവം. വെളളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. എൻജിൻ തകരാറിനെത്തുടർന്നാണ് വിമാനം അടിയന്തരമായി റോഡിൽ ലാൻഡ് ചെയ്തതെന്നാണ് വിവരം.
ഒരൊറ്റ എൻജിനുളള സെസ്ന 172 വിമാനമാണ് ലാൻഡ് ചെയ്തത്. പൈലറ്റാവാൻ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് വിമാനം ഓടിച്ചിരുന്നത്. ജോൺ വെയ്ൻ വിമാനത്താവളത്തിൽനിന്നും പറയുന്നുയർന്ന വിമാനത്തിൽ എൻജിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥിനി റോഡിൽ ലാൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. വിദ്യാർത്ഥിനിയും സുരക്ഷിതയാണ്.
അതേസമയം, വിമാനം ലാൻഡ് ചെയ്യുമ്പോൾ റോഡിൽ വാഹന യാത്രക്കാരും മറ്റു യാത്രക്കാരും ഉണ്ടായിരുന്നു. വാഹനങ്ങളിൽ തട്ടാതെയും വൈദ്യുതി കമ്പി ഒഴിവാക്കിയും വളരെ സുരക്ഷിതമായാണ് വിദ്യാർത്ഥിനി വിമാനം റോഡിൽ ഇറക്കിയത്. വൈദ്യുതി കമ്പിയിൽ തട്ടിയിരുന്നുവെങ്കിൽ ഒരുപക്ഷേ വിമാനം തകർന്നേനെ. വിമാനത്തിൽ വിദ്യാർത്ഥിനി മാത്രമാണുണ്ടായിരുന്നത്.