ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായ നാഥുറാം ഗോഡ്‌സേ ആണെന്ന് പറഞ്ഞ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ചെരുപ്പേറ്. തിരപ്പറന്‍കുണ്ട്രം ലോക്സഭാ മണ്ഡലത്തില്‍ പ്രചരണം നടത്തുന്നതിനിടയിലാണ് അദ്ദേഹത്തിന് നേരെ ചെരുപ്പേറ് നടന്നത്. സംഭവത്തില്‍ ബിജെപി, ഹനുമാന്‍ സേന എന്നിവയിലെ 11 പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചെരുപ്പ് കമല്‍ഹാസന്റെ ദേഹത്ത് തട്ടാതെ ജനങ്ങള്‍ക്കിടയില്‍ വീഴുകയായിരുന്നു.

തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും താന്‍ പറഞ്ഞത് ചരിത്ര സത്യമാണെന്നും കമല്‍ ഹാസന്‍ പിന്നീട് പ്രതികരിച്ചു. താരത്തിന്റെ പരാമര്‍ശത്തെ തുടര്‍ന്നു ഹിന്ദുത്വ സംഘടനകളും ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു മുന്നണി ജില്ലാ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നു കമല്‍ഹാസനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസ്താവന ചരിത്രസത്യമാണെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പറഞ്ഞ് താരം വീണ്ടും രംത്തെത്തിയത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ അറവാകുറിച്ചില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ എസ് മോഹന്‍രാജന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഹിന്ദുത്വ ഭീകരതയെ കമല്‍ഹാസന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. സ്വതന്ത്രാനന്തര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്‌സേ എന്നാണ്. എല്ലാത്തിന്റെയും തുടക്കം അതായിരുന്നു. ഭീകരത തുടങ്ങിയത് അന്നു തൊട്ടാണ്. ഗാന്ധി വധവും ഇതോടൊപ്പം ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു താരത്തിന്റെ പ്രസ്താവന. ‘ഇവിടെ ഒരുപാട് മുസ്ലിങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്.

ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്കും പ്രതിപക്ഷമായ ഡി.എം.കെയ്ക്കും എതിരായ രാഷ്ട്രീയ വിപ്ലവത്തിന്റെ മുനയിലാണ് തമിഴ്നാടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം കമല്‍ഹാസന്റെ നാവ് മുറിച്ചുകളയണമെന്നായിരുന്നു ബി.ജെ.പി സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ നേതാവും ക്ഷീരവികസന മന്ത്രിയുമായ കെ.ടി രാജേന്ദ്ര ബാലാജി പറഞ്ഞത്.

‘അയാളുടെ നാവ് മുറിച്ചുകളയണം. അയാള്‍ പറഞ്ഞതു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നാണ്. തീവ്രവാദത്തിനു മതമില്ല, ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഇല്ല’- ശിവകാശിയില്‍ നിന്നുള്ള എം.എല്‍.എ കൂടിയായ ബാലാജി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook