ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് കൊറോണ വൈറസ് രോഗവ്യാപനത്തെ മന്ദഗതിയിലാക്കാൻ സഹായിച്ചുവെന്ന് ആദ്യ സൂചനകൾ. ലോക്ക്ഡൗണിന്റെ ഫലമായി ജനങ്ങൾ തമ്മിലുളള സമ്പർക്കം കുറഞ്ഞതാണ് ഇതിനു കാരണമെന്ന് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ഈ പ്രവണത തുടർന്നാൽ വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ സൗമ്യ ഈശ്വരനും സീതാഭ്ര സിൻഹയും നടത്തിയ രോഗ വിവരങ്ങളുടെ വിശകലനം കാണിക്കുന്നു. ഏപ്രിൽ 20 ഓടെ 20,000 ത്തിൽ താഴെ ആളുകൾക്ക് മാത്രമേ രോഗം ബാധിക്കുകയുള്ളൂവെന്ന് സിൻഹ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കിൽ, ഈ എണ്ണം ഏകദേശം 35,000 ആകാമായിരുന്നു.
ഏപ്രിൽ 11 ന് ഇന്ത്യയിൽ 8,400 പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നു, ഏപ്രിൽ 5 ന് ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണിത്. ഈ വ്യാപനത്തിന്റെ മാന്ദ്യത്തിന്റെ ഫലമായി ഏപ്രിൽ 6 നും ഏപ്രിൽ 11 നും ഇടയിലുള്ള രോഗത്തിന്റെ പുനരുൽപാദന സംഖ്യ മാർച്ച് 4 മുതൽ ഇന്ത്യയിൽ രോഗം പൊട്ടിപ്പുറപ്പെട്ട മുഴുവൻ കാലഘട്ടത്തേക്കാളും വളരെ കുറവാണെന്ന് സിൻഹ പറഞ്ഞു. രോഗബാധിതനായ ഒരാളിൽനിന്നും രോഗം പകരാൻ സാധ്യതയുളള ശരാശരി ആളുകളുടെ എണ്ണത്തെ പുനരുൽപാദന നമ്പർ സൂചിപ്പിക്കുന്നു.
Read Also: ഒരുമുഴം മുമ്പേ എറിഞ്ഞ് ജനങ്ങൾ; മാര്‍ച്ചില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ചത് നാലിരട്ടി തുക
സിൻഹയുടെ ടീമിന്റെ കണക്കുകൂട്ടലുകൾ അനുസരിച്ച്, രോഗം ബാധിച്ച ഓരോ വ്യക്തിയും പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം ശരാശരി 1.83 പേരിലേക്ക് രോഗം പകർന്നതായി കണക്കാക്കപ്പെടുന്നു. എന്നാൽ, ഏപ്രിൽ 6 നും ഏപ്രിൽ 11 നും ഇടയിൽ, ഈ എണ്ണം 1.55 മാത്രമാണ്. ഇത് കൃത്യമായി ഇപ്പോഴും പറയാനാവില്ല, പക്ഷേ രോഗവ്യാപനത്തിലെ ഈ കുറവ് ലോക്ക്ഡൗണിന്റെ ഫലമായിരിക്കാമെന്ന് സിൻഹ പറഞ്ഞു. ഈ ട്രെൻഡ് അവസാനത്തേതല്ല, ഇത് മാറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപനത്തിന്റെ വളർച്ച കുറയ്ക്കുന്നതിനായി ലോക്ക്ഡൗൺ നീട്ടുന്നതിനുള്ള ഒരു ന്യായീകരണമായി സർക്കാരിനിത് കണക്കാക്കാം. അതേസമയം, വ്യാപനത്തിലെ ഈ കുറവ് ഇന്ത്യയിൽ രോഗശമനമായെന്നത് അർഥമാക്കുന്നില്ല. വൈറസ് പോസിറ്റീവാകുന്ന ആളുകളുടെ എണ്ണത്തിൽ പെട്ടെന്ന് കുറവുണ്ടാകുമെന്നും ഇത് അർഥമാക്കുന്നില്ല. വൈറസിന്റെ വ്യാപന നിരക്കിൽ കുറവുണ്ടായെന്ന് മാത്രം.
ഏപ്രിൽ 3 മുതൽ, പോസിറ്റിവിറ്റി നിരക്കിൽ അസാധാരണമായ വർധനവ് തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിന്റെ ഫലമായി കാണപ്പെട്ടു, ഈ എണ്ണം 4 ശതമാനത്തോളം തുടരുകയാണ്, അതായത് ഓരോ 50 ടെസ്റ്റുകളിലും രണ്ടെണ്ണം പോസിറ്റീവാണ്. ”പോസിറ്റീവ് നിരക്കിലൂടെ രോഗം എത്രത്തോളം വ്യാപകമാണെന്ന് മനസ്സിലാക്കാൻ കഴിയും, അതായത് ഒരു ദിവസം നിരവധി ആളുകളെ ടെസ്റ്റ് ചെയ്യുന്നുവെന്ന് കരുതുക. ഇപ്പോൾ പ്രതിദിനം 16,000 മുതൽ 17,000 ടെസ്റ്റുകൾ നടത്തുന്നുണ്ട്, ഇത് നല്ലതാണ്. കൂടുതൽ ടെസ്റ്റുകൾ നടത്തുകയും പോസിറ്റീവ് നിരക്ക് അതേപടി തുടരുകയും ചെയ്യുന്നുവെങ്കിൽ, അണുബാധ വ്യാപിക്കുന്നില്ല. പെട്ടെന്ന് ഉയരുന്നതായി കാണുകയാണെങ്കിൽ, അത് ആശങ്കാജനകമായ ഒന്നാണ്,” ചെന്നൈയിലെ ഐസിഎംആർ ആൻഡ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജിയിലെ സയന്റിസ്റ്റ് തരുൺ ഭട്നാഗർ പറഞ്ഞു.
Read in English: Over the last week, slight but ‘noticeable’ flattening of growth curve in coronavirus cases