ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചോദിച്ച് വരുന്നവരുടെ കരണം നോക്കി അടിക്കണമെന്ന് ജനദാതള്‍ സെക്കുലര്‍ എംഎല്‍എ കെ.എം.ശിവലിംഗ ഗൗഡ. പ്രധാനമന്ത്രിക്ക് നേരെ കല്ലെറിയാനാണ് ശിവലിംഗ ഗൗഡ ആഹ്വാനം ചെയ്തതെന്ന് ബിജെപി ആരോപിച്ചു. വെളളിയാഴ്ച കര്‍ണാടകയിലെ അരാസികരെയില്‍ വച്ചായിരുന്നു ഗൗഡയുടെ പ്രസംഗം.

സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച കളളപ്പണം തിരികെ എത്തിക്കുന്നതില്‍ മോദി പരാജയപ്പെട്ടെന്ന് ഗൗഡ പറഞ്ഞു. ജനങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കുമെന്ന് പറഞ്ഞ വാഗ്‌ദാനവും പൊളളയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘മോദി, മോദി എന്ന് വിളിച്ച് വോട്ട് ചോദിച്ച് വരുന്നവരെ ഒന്നും നോക്കാതെ മുഖം നോക്കി അടി കൊടുക്കണം,’ ഗൗഡ പറഞ്ഞു.

പരാമര്‍ശത്തെ അപലപിച്ച് ബിജെപി വക്താവ് സുരേഷ് കുമാര്‍ രംഗത്തെത്തി. പ്രധാനമന്ത്രിക്കെതിരെ ആക്രമണം നടത്താനാണ് ഗൗഡ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രിയെ കല്ലെറിയാനാണ് ഗൗഡ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. നേരത്തേയും ജെഡിഎസ് നേതാക്കള്‍ ഇതുപോലെയുളള പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയോടുളള അവരുടെ വെറുപ്പാണ് ഇതിലൂടെ കാണിക്കുന്നത്,’ സുരേഷ് കുമാര്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ