ന്യൂഡൽഹി: ഇത്തവണ മൺസൂൺ മഴ ശരാശരി മാത്രമേ ലഭിക്കൂ എന്ന് റിപ്പോർട്ട്. രാജ്യത്തെ ഏക സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. ശരാശരിയേക്കാൾ അഞ്ച് ശതമാനം കൂടാനും കുറയാനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജൂൺ മുതൽ സെപ്റ്റംബർ വരെയുളള നാല് മാസങ്ങളിൽ 55 ശതമാനവും ശരാശരി മഴ ലഭിക്കാനാണ് സാധ്യതയെന്ന് പഠനത്തിൽ തെളിഞ്ഞതായാണ് ഇവർ വ്യക്തമാക്കിയത്. സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ 20 ശതമാനം സാധ്യതയും കുറവ് മഴ ലഭിക്കാൻ 20 ശതമാനം സാധ്യതയുണ്ടെന്നും കണ്ടെത്തി.

ജൂൺ മാസത്തിൽ 164 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഈ മാസം 60 ശതമാനവും മഴ കൂടുതൽ ലഭിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ട് പറയുന്നു. ജൂലൈയിൽ 289 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ആഗസ്‌തിൽ 261 മില്ലിമീറ്ററും സെപ്റ്റംബറിൽ 173 മില്ലിമീറ്ററും മഴ ലഭിക്കും.

ഇതോടെ നാല് മാസം നീണ്ട് നിൽക്കുന്ന മൺസൂൺ കാലത്ത് രാജ്യത്ത് 887 മില്ലിമീറ്റർ മഴയാണ് ലഭിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ