അഗർത്തല: ചെങ്കോട്ടയായ ത്രിപുര നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആറ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ ത്രിപുരയില്‍ ബിജെപി മുഖ്യ പ്രതിപക്ഷമായി. തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയുടെ നിര്‍ദേശം മറികടന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വോട്ട്ചെയ്തതിന് പിന്നാലെയാണ് പാര്‍ട്ടിമാറിയത്.

തൃണമൂല്‍ എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ടിരുന്നു. പിന്നാലെയാണ് പാര്‍ട്ടിമാറ്റം. സുദീപ് റോയ് ബർമൻ, ആശിഷ് സാഹ, ദീബ ചന്ദ്ര ഹ്രാങ്ക്ഹോൾ, ബിശ്വ ബന്ദു സെൻ, പ്രൻജിത് സിങ് റോയ്, ദിലീപ് സർക്കാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

50 അംഗ നിയമസഭയില്‍ ഇടതുപക്ഷത്തിന് 50 സീറ്റും കോണ്‍ഗ്രസ് 4, തൃണമുല്‍ കോണ്‍ഗ്രസ് 6 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതില്‍ തൃണമുല്‍ അംഗങ്ങള്‍ ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി ഇടതുപക്ഷം ഭരിക്കുന്ന ത്രിപുരയില്‍ ബിജെപിക്ക് ഇതുവരെ ഒരു എംഎല്‍എയെപ്പോലും ജയിപ്പിക്കാനായിട്ടില്ല.

2018ൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ത്രിപുര, അധികാരം പിടിക്കാൻ ബിജെപി ലക്ഷ്യമിട്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്. കഴിഞ്ഞ 24 വർഷമായി ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനമാണിത്. സിപിഎം നേതാവ് മണിക് സർക്കാരാണ് 1998 മുതൽ ഇവിടെ മുഖ്യമന്ത്രി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ