റായ്‌പൂർ: ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) സേനാംഗങ്ങൾ തമ്മിലുണ്ടായ വെടിവയ്‌പിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജീഷാണ് കൊല്ലപ്പെട്ടത്. മറ്റൊരു മലയാളിയായ എസ്.ബി.ഉല്ലാസിനും, സിതാറാം ഡൂണിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹെഡ് കോൺസ്റ്റബിൾമാരായ മഹേന്ദ്ര സിങ്, ദാൽജിത് സിങ്, കോൺസ്റ്റബിൾമാരായ സുർജിത് സർക്കാർ, ബിസ്‌വരൂപ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റുപേർ. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലെ കദേനാർ ക്യാംപിൽ ഇന്നു രാവിലെ 8.30 നായിരുന്നു സംഭവം. വെടിവയ്‌പിൽ ആറുപേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.
എന്തോ വിഷയത്തെച്ചൊല്ലിയുളള തർക്കത്തെ തുടർന്ന് ഐടിബിപി കോൺസ്റ്റബിൾ മസൂദുൾ റഹ്മാനാണ് സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവച്ചതെന്ന് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (ബസ്തർ റേഞ്ച്) പി.സുന്ദർരാജ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. റഹ്മാൻ സ്വയം വെടിവച്ചാണോ അല്ലെങ്കിൽ മറ്റു പൊലീസുകാർ വെടിവച്ചാണോ മരിച്ചതെന്ന് വ്യക്തമല്ലെന്ന് ഐജി പറഞ്ഞു. ഇതിനായി കൊല്ലപ്പെട്ട ജവാന്മാരുടെ ആയുധങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റായ്‌പൂരിൽനിന്നും 350 കിലോമീറ്റർ അകലെയായാണ് ഐടിബിപിയുടെ 45-ാമത് ബറ്റാലിയനിലെ കദേനാർ ക്യാംപുളളത്.