ഛണ്ഡിഗഡ്: ജയില്‍ കാലം ശരീരസൗന്ദര്യം മെച്ചപ്പെടുത്താന്‍ ഉപയോഗപ്പെടുത്തി കോണ്‍ഗ്രസ് പഞ്ചാബ് ഘടകം മുന്‍ അധ്യക്ഷനും മുന്‍ ക്രിക്ക്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു. പട്യാല സെന്‍ട്രല്‍ ജയിലിലെ ആറു മാസത്തിനിടെ സിദ്ദു 34 കിലോ കുറച്ചതായി അദ്ദേഹത്തിന്റെ സഹായി അവകാശപ്പെട്ടു. ആറടി രണ്ടിഞ്ച് ഉയരമുള്ള സിദ്ദുവിന്റെ നിലവിലെ ഭാരം 99 കിലോയാണ്.
1980-കളിലെയും 1990-കളിലെയും ശ്രദ്ധേയനായ ക്രിക്കറ്റ് താരമായിരുന്ന സിദ്ദു 1988-ലെ റോഡ് അടിപിടിക്കേസില്‍ ഒരു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്. ജയിലില്‍ കുറഞ്ഞത് നാലു മണിക്കൂര്‍ ധ്യാനത്തിനും രണ്ട് മണിക്കൂര്‍ യോഗയ്ക്കുമായി ചെലവഴിക്കുന്ന സിദ്ദു വ്യായാമത്തിനും സമയം കണ്ടെത്തുന്നതായി അദ്ദേഹത്തിന്റെ സഹായിയും മുന്‍ എം എല്‍ എയുമായ നവതേജ് സിങ് ചീമ പറഞ്ഞു. രണ്ടു മുതല്‍ നാലു വരെ മണിക്കൂര്‍ വായനയ്ക്കായി മാറ്റിവയ്ക്കുന്ന സിദ്ദു നാലു മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്നും ചീമ പറഞ്ഞു.
”ശിക്ഷ പൂര്‍ത്തിയാക്കി സിദ്ദു സാഹെബ് പുറത്തുവരുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കാലത്തെപ്പോലെയാണ് അദ്ദേഹമിപ്പോള്‍. 34 കിലോ കുറച്ചു. ഇനിയും കുറയും. 99 കിലോയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാരം. 6.2 അടി ഉയരമുള്ളതിനാല്‍ ഈ ശരീരഭാരത്തില്‍ അദ്ദേഹം സുന്ദരനാണ്. ധ്യാനത്തിനായി കൂടുതല്‍ സമയം ചെലവഴിക്കുന്ന അദ്ദേഹമിപ്പോള്‍ ശാന്തനാണ്,” സിദ്ദുവിനെ വെള്ളിയാഴ്ച ജയിലില്‍ 45 മിനുട്ട്് കണ്ട ചീമ പറഞ്ഞു.
”അദ്ദേഹത്തിനു ശരിക്കും സൗഖ്യം അനുഭവപ്പെടുന്നുണ്ട്. നേരത്തെ ആശങ്കയുണ്ടാക്കിയ കരളിന്റെ അവസ്ഥ വളരെ മെച്ചപ്പെട്ടുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,”ചീമ പറഞ്ഞു.
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറും എംബോളിസവുമുള്ള സിദ്ദുവിനു തേങ്ങാവെള്ളം, ചമോമൈല്‍ ടീ, ബദാം പാല്, റോസ്മേരി ടീ എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക ഭക്ഷണക്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു ചീമ പറഞ്ഞു. പഞ്ചസാരയും ഗോതമ്പും ഉപക്ഷേിച്ച അദ്ദേഹം ദിവസത്തില്‍ രണ്ടുനേരം മാത്രമാണു ഭക്ഷണം കഴിക്കുന്നത്. വൈകീട്ട് ആറിനുശേഷം ഒന്നും കഴിക്കുന്നില്ല. ജയിലില്‍ ഗുമസ്തപ്പണിക്കായി ‘മുന്‍ഷി’യായി നിയോഗിക്കപ്പെട്ട അദ്ദേഹം ചുമതലകള്‍ നിര്‍വഹിക്കാന്‍ പകല്‍ സമയത്ത് ഏതാനും മണിക്കൂറുകള്‍ ചെലവഴിക്കുന്നു. ജയിലധികൃതര്‍ നല്കുന്ന ജോലി അദ്ദേഹം തടവറയില്‍വച്ചാണ് എല്ലാ ദിവസവും ചെയ്യുന്നതെന്നും ചീമ പറഞ്ഞു.
ജയില്‍ ചട്ടമനുസരിച്ച്, തടവുകാരെ വൈദഗ്ധ്യമുള്ളര്‍, ഭാഗികമായി വൈദഗ്ധ്യമുള്ളര്‍, അവിദഗ്ധര്‍ എന്നിങ്ങനെയാണു തരം തിരിച്ചിരിക്കുന്നത്്. അവിദഗ്ധ തടവുകാര്‍ക്ക് 40 രൂപയും ഭാഗികമായി വൈദഗ്ധ്യമുള്ളര്‍ക്ക് അന്‍പതു രൂപയാണു ജയിലിലെ ദൈനംദിന ജോലിക്കു നല്കുന്ന കൂലി. വൈദഗ്ധ്യമുള്ളര്‍ക്ക് 60 രൂപ ലഭിക്കും.
സെപ്റ്റംബര്‍ വരെ സിദ്ദുവിനു കൂട്ടായി പഞ്ചാബി ഗായകന് ദലേര്‍ മെഹന്ദി ജലിലുണ്ടായിരുന്നു. മോചിപ്പിക്കുന്നതു വരെ 10-ാം നമ്പര്‍ ബാരക്കിലാണു മെഹന്ദിയും കഴിഞ്ഞിരുന്നത്. മറ്റു തടവുകാരുമായി ഇടപഴകാനും സിദ്ദു സമയം ചെലവഴിക്കുന്നതായും പ്രസിദ്ധനായ വ്യക്തിയായതിനാല്‍ അദ്ദേഹത്തിനു കുറച്ച് സന്ദര്‍ശകരുണ്ടെന്നും ചീമ പറഞ്ഞു.