മുംബൈ: ബൈക്കുകൾ ആതുര സേവന, ശുശ്രൂഷ രംഗത്തും ഗ്ലാമർ താരങ്ങളാകുന്നു. മുംബൈയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ബൈക്ക് ആംബുലൻസ് പദ്ധതി വിജയത്തിലേക്കാണെന്നാണ് ജനങ്ങളുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് മുതൽ 10 ബൈക്ക് ആംബുലൻസുകളാണ് ഫോർ വീലർ ആംബുലൻസുകൾക്ക് പകരമായി സംസ്ഥാന ആരോഗ്യ വകുപ്പ് നിരത്തിലിറക്കിയത്. പത്തു തിരഞ്ഞെടുത്ത പ്രദേശങ്ങളിലായിരുന്നു ഇവയുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള മഹാരാഷ്ട്ര എമർജൻസി മെഡിക്കൽ സർവീസിന്റെ കീഴിലുള്ള 937 ആംബുലൻസുകളുടെ സേവനത്തിനു അനുബന്ധമായി തന്നെയാണ് ബൈക്ക് ആംബുലൻസുകളും ഏർപ്പെടുത്തിയിരുന്നത്.

ജനസാന്ദ്രത ഏറെയുള്ള ചേരി പ്രദേശങ്ങളിൽ ബൈക്ക് ആംബുലൻസുകളാണ് കൂടുതൽ ഉപകാരപ്രദമെന്ന തിരിച്ചറിവാണ് ഇത്തരമൊരു പദ്ധതി പരീക്ഷിച്ചു നോക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. തുടങ്ങി നാല് മാസത്തിനുള്ളിൽ 820 അടിയന്തിര ഫോൺ കോളുകൾ സഹായമഭ്യർത്ഥിച്ചു ലഭിച്ചു. ഒരു ദിവസം ശരാശരി ആറ് വിളികൾ എന്ന കണക്കിന്.

ചേരികളുടെ ഭൂമി ശാസ്ത്രം അനുസരിച്ചു അടിയന്തിര ഘട്ടങ്ങളിൽ ഏറ്റവും അനുയോജ്യം ബൈക്ക് ആംബുലൻസുകൾ ആണെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന് വേണ്ടി അടിയന്തിര വൈദ്യ സഹായ സേവനങ്ങൾ നടത്തുന്ന ബിവിജി ഇന്ത്യ ലിമിറ്റഡിന്റെ സിഇഒ ഡോ.ധ്യാനേശ്വർ ഷെൽകെ പറഞ്ഞു.

ബൈക്ക് ആംബുലൻസ് കൈകാര്യം ചെയ്യാൻ പരിശീലനം സിദ്ധിച്ച ഒരു സംഘം ഡോക്ടർമാരെയാണ് നിയമിച്ചിരിക്കുന്നത്. ഇവരുടെ കയ്യിൽ മെഡിക്കൽ കിറ്റും മറ്റു അത്യാവശ്യ സാമഗ്രികളും ഉണ്ടാവും. രോഗികൾക്ക് അടിയന്തിര ശുശ്രൂഷ നൽകി പിന്നീടിവരെ വിപുലമായ സൗകര്യമുള്ള ഫോർ വീലർ ആംബുലൻസിൽ എത്തിക്കുകയാണ് രീതി. നെഞ്ചു വേദന, ശ്വാസ തടസം, പെട്ടന്നുള്ള അബോധാവസ്ഥ എന്നിവർക്ക് അടിയന്തിര സഹായമെത്തിക്കാൻ ബൈക്ക് ആംബുലൻസുകൾ ഫലപ്രദമാണ് എന്നും ഡോ.ഷെൽകെ പറഞ്ഞു.

റോഡപകടങ്ങളിൽ പൊതുവേ ബൈക്ക് ആംബുലൻസുകൾ സംഭവസ്ഥലത്തെത്തി വലിയ ആംബുലൻസുകൾക്ക് വഴിയൊരുക്കുകയാണ് പതിവ്. ആറു മാസത്തെ പരീക്ഷണ ദൗത്യം കഴിഞ്ഞാൽ പദ്ധതി വീണ്ടും അവലോകനം ചെയ്യാനും വിജയകരമായി തുടരാനും ആണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook