ന്യൂഡല്‍ഹി: ആറോ ഏഴോ ജെയഷ്-ഇ-മുഹമ്മദ് ഭീകരര്‍ സംസ്ഥാനത്ത് പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പഞ്ചാബില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഇന്‍സ്പെക്ടര്‍ ജനറല്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. ഇവര്‍ ഡല്‍ഹി ലക്ഷ്യമിട്ടാണ് നീങ്ങുന്നതെന്നും ഇന്‍സ്പെക്ടര്‍ ജനറല്‍ അറിയിച്ചു. ഫിറോസ്പൂര്‍ പ്രദേശത്തെ അന്താരാഷ്ട്ര അതിര്‍ത്തി വഴിയാകാം ഭീകരവാദികള്‍ രാജ്യത്ത് പ്രവേശിച്ചതെന്നാണ് നിഗമനം.

ബന്ധപ്പെട്ട അധികൃതര്‍ പ്രധാനപ്പെട്ട ചെക്പോസ്റ്റുകളില്‍ സുരക്ഷ ശക്തമാക്കണമെന്നും വാഹന പരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്. ബുധനാഴ്ച്ച മധോപൂരില്‍ വെച്ച് ഇന്നോവ ടാക്സി ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നനാല് പേര്‍ വാഹനവുമായി കടന്നുകളഞ്ഞിരുന്നു. ഇവര്‍ പാക്കിസ്ഥാനില്‍ നിന്നുളള ഭീകരരാണോ എന്ന് സംശയമുണ്ട്. 2016ല്‍ പത്താന്‍കോട്ടിലേതിന് സമാനമായ അക്രമണമാണ് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്. സംഭവത്തിന് ശേഷം പത്താന്‍കോട്ടിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സുരക്ഷാ ഏജന്‍സികളോട് ഇന്തോ-പാക് അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷ ശക്തമാക്കാനും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ഇതിനായി എല്ലാ ഉന്നത പൊലീസ്-സൈനിക ഉദ്യോഗസ്ഥരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുരക്ഷാ സംബന്ധമായ പദ്ധതികള്‍ തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ