ന്യൂഡല്‍ഹി: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ക്രിമിനലാണെന്ന് ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു ചൗഹാന്റെ വിവാദ പ്രസ്താവന.
നെഹ്റു ക്രിമിനലാണെന്നും നെഹ്റുവിന്റെ ഇടപെടലില്ലായിരുന്നുവെങ്കില്‍ കശ്മീര്‍ പണ്ടേ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നായിരുന്നു ചൗഹാന്റെ പ്രതികരണം.
”ജവഹര്‍ലാല്‍ നെഹ്റു ഒരു ക്രിമിനലാണ്. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനികളെ കശ്മീരില്‍ നിന്നും ഓടിക്കുമ്പോഴാണ് അദ്ദേഹം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. കശ്മീരിന്റെ മൂന്നിലൊന്ന് പാക്കിസ്ഥാന്റെ കൈയ്യിലായി. കുറച്ച് ദിവസം കൂടി വെടിനിര്‍ത്തല്‍ ഇല്ലായിരുന്നുവെങ്കില്‍ മൊത്തം കശ്മീരും നമ്മുടേതാകുമായിരുന്നു” എന്നായിരുന്നു ചൗഹാന്റെ പ്രതികരണം.
നെഹ്റു ചെയ്ത രണ്ടാമത്തെ കുറ്റകൃത്യമായിരുന്നു ആര്‍ട്ടിക്കിള്‍ 370 എന്നും അദ്ദേഹം പറഞ്ഞു. ഒരേ നാട്ടില്‍ രണ്ട് അടയാളവും രണ്ട് സംവിധാനവും അനീതിയല്ല മറിച്ച് രാജ്യത്തോടുള്ള കുറ്റകൃത്യമാണെന്നും ചൗഹാന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ വീണ്ടും തിരഞ്ഞെടുത്തതിനേയും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ടില്ലെന്നും ഒരു കുടുംബത്തില്‍ തന്നെ ആശ്രയിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.