മുംബൈ: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ നിലവിലെ എൻഡിഎ സർക്കാരിന് ഭൂരിപക്ഷം നേടാൻ സാധിച്ചില്ലെങ്കിൽ പ്രണബ് മുഖർജി പ്രധാനമന്ത്രിയാകുമെന്ന് ശിവസേന മുഖപത്രം. സാംമ്‌നയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശിവസേന ഈ പ്രവചനം നടത്തിയിരിക്കുന്നത്.
മുൻ രാഷ്ട്രപതിയായ പ്രണബ് മുഖർജി നാഗ്‌പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെ വേദിയിലെത്തി പ്രസംഗിച്ചതിന് പിന്നാലെയാണ് ഈ ലേഖനം. ഈ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് ശിവസേന ഭാവി തിരഞ്ഞെടുപ്പ് നീക്കങ്ങളെ മുൻകൂട്ടി കണ്ടത്.
“രാഷ്ട്രീയ ലക്ഷ്യമിട്ടാണ് ആർഎസ്എസ് നീക്കങ്ങൾ നടത്തിയത്. 2019 ഓടെ എല്ലാവർക്കും അത് എങ്ങനെയായെന്ന് മനസിലാകും. 2019ൽ ബിജെപിക്ക് ഭൂരിപക്ഷം നേടാൻ സാധിച്ചില്ലെങ്കിൽ പ്രണബ് മുഖർജി തന്നെയാകും പ്രതിപക്ഷ പാർട്ടികളുടെ സമവായ പ്രധാനമന്ത്രി,” സാമ്‌നയിൽ ശിവസേന പറയുന്നു.
അതേസമയം പ്രണബിനോട് സൗഹൃദം സ്ഥാപിച്ച് രാഷ്ട്രീയമായ തിരിച്ചടികളെ മറികടക്കാനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നതെന്ന വിധത്തിലുളള പരോക്ഷ വിമർശനമാണ് ശിവസേനയുടേത്.