ചെന്നൈ: പടക്കനിർമ്മാണ ശാലകൾ ഏറെയുളള തമിഴ്‌നാട്ടിലെ ശിവകാശിയിൽ വീണ്ടും അപകടം. ശിവകാശിയിലെ കക്കിവഡാനപ്പട്ടി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന പടക്ക നിർമ്മാണ ശാലയിലാണ് തീപിടിച്ചത്. കൃഷ്ണസ്വാമി ഇന്റസ്ട്രീസിന് കീഴിലുളളതാണ് പടക്ക നിർമ്മാണ ശാല. രണ്ട് പേർ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലും വച്ചാണ് മരിച്ചത്.
പരുക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ദീപാവലി ആഘോഷങ്ങൾക്കായുളള പടക്ക നിർമ്മാണത്തിന്റെ തിരക്കിലാണിപ്പോൾ ശിവകാശി. ഇതിനിടെയാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും അപകടം ഉണ്ടാവുന്നത്. മുൻപും ശിവകാശിയിൽ പടക്ക നിർമ്മാണ ശാലകൾക്ക് തീപിടിച്ച് നിരവധി പേർ മരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
കൃഷ്ണൻ, മാരിയപ്പൻ, പൊന്നുസ്വാമി എന്നീ തൊഴിലാളികളാണ് ഇന്ന് അപകടത്തിൽ മരിച്ചത്. ഇവരിൽ രണ്ടുപേർ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായതിനെ തുടർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
അപകടസ്ഥലത്ത് നിന്നും രണ്ട് പേരെ ജീവനോടെ ശിവകാശിയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇവർക്ക് അതീവ ഗുരുതരമായി പൊളളലേറ്റിട്ടുണ്ട്. പടക്ക നിർമ്മാണ ശാലയിൽ അനുവദിച്ചതിലും അധികം വെടിമരുന്നുകൾ സംഭരിച്ച് വച്ചതായി സംശയിക്കുന്നുണ്ട്. അപകടത്തിന് പിന്നാലെ കൃഷ്ണസ്വാമി പടക്ക നിർമ്മാണ ശാലയുടെ ഉടമ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.