ന്യൂഡല്‍ഹി: കശ്മീരിലെ സ്ഥിതിഗതികള്‍ വളരെ മോശമാണെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആറ് ദിവസത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനായി എത്തിയ ഗുലാം നബി ആസാദ് നാല് ദിവസമാണ് കശ്മീരില്‍ ചിലവഴിച്ചത്. ബാക്കി രണ്ട് ദിവസം ജമ്മുവിലായിരിക്കും. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം ഇതാദ്യമായാണ് ഗുലാം നബി നാട്ടിലെത്തുന്നത്. സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തിലാണ് അദ്ദേഹം കശ്മീരിലെത്തിയത്.
“കശ്മീരിലെ സ്ഥിതി വളരെ മോശമാണ്. ഇപ്പോള്‍ എനിക്ക് മാധ്യമങ്ങളോട് പറയാന്‍ ഒന്നുമില്ല. കശ്മീരില്‍ നാല് ദിവസം ചിലവഴിച്ചു. രണ്ട് ദിവസം ജമ്മുവിലായിരിക്കും. ആറ് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം പറയാനുള്ളത് പറയും” അദ്ദേഹം വ്യക്തമാക്കി.
Read Also: കശ്മീരിലെ അവസ്ഥ സര്‍ക്കാര്‍ വാദങ്ങള്‍ക്ക് വിപരീതമെന്ന് യെച്ചൂരി
മൂന്ന് തവണ കശ്മീരിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും ഗുലാം നബി ആസാദിനെ തടയുകയായിരുന്നു. സെപ്റ്റംബര്‍ 16 നാണ് ശ്രീനഗര്‍, ആനന്ദ്നാഗ്, ബരാമുള്ള, ജമ്മു ജില്ലകള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് സുപ്രീംകോടതി അനുമതി നല്‍കുന്നത്.
അതേമസയം, താന്‍ പോകാന്‍ ഉദ്ദേശിച്ചിരുന്നതിന്റെ പത്ത് ശതമാനം ഇടങ്ങള്‍ പോലും സന്ദര്‍ശിക്കാന്‍ തന്നെ അനുവദിക്കുന്നില്ലെന്ന് ഗുലാം നബി പറഞ്ഞു. തടങ്കലിലുള്ള നേതാക്കളെ പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് ജമ്മു കശ്മീരില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ യാതൊരു അടയാളവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.