ചെന്നൈ: മദ്രാസ് ഐഐടി ക്യാമ്പസില്‍ ബീഫ് ഫെസ്റ്റ് നടത്തിയപേരില്‍ വലതുപക്ഷ വിദ്യാര്‍ഥിസംഘടനയുടെ അക്രമത്തില്‍ പരിക്കേറ്റ് ആശുപതിയില്‍ കഴിയുന്ന സൂരജിനെ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിച്ചു. സൂരജിനു നീതിലഭിക്കണം എന്ന് പറഞ്ഞ യെച്ചൂരി വിദ്യാര്‍ഥികളോട് കാര്യങ്ങളൊക്കെ ചോദിച്ചുമനസ്സിലാക്കുകയും ചെയ്തു.
ഇതിനിടെ, സൂരജിനെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കുന്നതിനായി മദ്രാസ് ഐഐടി ഡയറക്ടര്‍ നിയമിച്ച മൂന്നംഗ അച്ചടക്ക സമിതി അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരത്തോടെ സൂരജിന്റെ സുഹൃത്തുക്കളായ പലരോടും സംഘം സംസാരിച്ചു.
അന്വേഷണങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്നും എന്തെങ്കിലും തീരുമാനങ്ങള്‍ വരുന്നതുവരെ കാത്തിരിക്കാം എന്നുമാണ് സൂരജിനു നീതി ആവശ്യപ്പെട്ടു പ്രതിഷേധം തുടരുന്ന വിദ്യാര്‍ഥികള്‍ അറിയിച്ചത്. സൂരജിനേയും സുഹൃത്ത് അനൂപിനേയും ആക്രമിച്ചവരെ പുറത്താക്കികൊണ്ട് നടപടിയെടുക്കുക, സൂരജിന്റെ ചികിത്സാചിലവുകള്‍ സ്ഥാപനം വഹിക്കുക, അക്രമത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെയെടുക്കുന്ന നടപടി അപ്പോള്‍ തന്നെ സ്റ്റുഡന്‍സ് ബോഡിയെ അറിയിക്കുക. തുടങ്ങിയ മൂന്ന് ആവശ്യങ്ങളായിരുന്നു വിദ്യാര്‍ഥി പ്രതിഷേധം ആദ്യഘട്ടത്തില്‍ ഉയര്‍ത്തിയത്.