ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമിയെക്കാണാൻ സീതാറാം യെച്ചൂരി ഇന്ന് ജമ്മു കശ്മീരിലെത്തും. ഗുപ്‌കാർ റോഡിലെ ഔദ്യോഗിക വസതിയിൽ വീട്ടുതടങ്കലിലാണ് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തരിഗാമി. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് യെച്ചൂരിക്ക് സുപ്രീംകോടതി സന്ദര്‍ശനാനുമതി നല്‍കിയത്. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോർപസ് ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.
Also Read: കേന്ദ്രത്തിന് തിരിച്ചടി; യെച്ചൂരിക്ക് കശ്മീരില്‍ പോയി തരിഗാമിയെ കാണാമെന്ന് സുപ്രീം കോടതി
നേരത്തെ ജമ്മു കശ്മീരിൽ സന്ദർശനത്തിനെത്തിയ ദേശീയ രാഷ്ട്രീയ നേതാക്കളെ ശ്രീനഗറിൽ തടഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിന് തരിഗാമിയെ കാണാനെത്തിയ സീതാറാം യെയ്യൂരിയേയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയേയും ശ്രീനഗർ എയർപോർട്ടിൽ തടഞ്ഞിരുന്നു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് പ്രത്യേകം കത്തു നല്‍കിയ ശേഷമാണ് യെച്ചൂരിയും രാജയും ശ്രീനഗറിലെത്തിയത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കൊപ്പം യെച്ചൂരി വീണ്ടും കശ്മീരിൽ എത്തിയിരുന്നു. എന്നാൽ എയർപോർട്ടിന് പുറത്തേക്ക് കടക്കാൻ നേതാക്കളെ അനുവദിച്ചിരുന്നില്ല.
എന്നാൽ രാജ്യത്തെ ഒരു പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശം തടയാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. തരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ വേണ്ടി മാത്രമാണ് സന്ദര്‍ശനാനുമതി. തരിഗാമിയെ കാണുക എന്നതല്ലാതെ മറ്റൊന്നും പാടില്ല. ഇതൊരു രാഷ്ട്രീയ സന്ദര്‍ശനം ആകരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read: വയനാട്ടില്‍ നിന്നും ജയിച്ചതോടെ മാനസികാവസ്ഥയും മാറിയോ? രാഹുലിനോട് ബിജെപി
അതേസമയം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഇന്ന് ലഡാക്കിലെത്തുന്നുണ്ട്. 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രതിരേധ മന്ത്രി ലഡാക്കിലെത്തുന്നത്. ഉന്നത സൈനിക- പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന രാജ്നാഥ് സിങ് സുരക്ഷ വിലയിരുത്തും. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ ഒക്ടോബര്‍ 12 മുതല്‍ 14 വരെ നടത്താനിരുന്ന നിക്ഷേപക സംഗമം മാറ്റിവെച്ചിട്ടുണ്ട്.