? സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ രേഖ കേന്ദ്ര കമ്മിറ്റി പരാജയപ്പെടുത്തി. എന്തുകൊണ്ടാണ് അങ്ങനെ ഒരു രാഷ്ട്രീയ ലൈനിന് വേണ്ടി വാദിച്ചത്

=ഞങ്ങളുടെ പാർട്ടിയിൽ (സിപിഎം) ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ മികച്ച പാരമ്പര്യമുളള പ്രസ്ഥാനമാണ്. അതിനാൽ തന്നെ, എല്ലായ്പ്പോഴും ഭൂരിപക്ഷം സമയത്തും ഞങ്ങൾക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. ബിജെപിയെയും അതിന്രെ വർഗീയതയെയും പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അത് എങ്ങനെ നിറവേറ്റാനാകും? അതിനായി വ്യത്യസ്ത സമീപനങ്ങൾ ഉണ്ടാകും. എങ്ങനെ ലക്ഷ്യം നേടാനാകും എന്നതാണ് ചോദ്യം. ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങൾ ഉയർന്നു വന്നു.അതിൽ ഭൂരിപക്ഷം കിട്ടിയ അഭിപ്രായം ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ മുന്നോട്ട് വെയ്ക്കും.

? പക്ഷേ ഇത് കാണുന്നത് കോൺഗ്രസ് അനുകൂലം, കോൺഗ്രസ് വിരുദ്ധം എന്ന ദ്വന്ദത്തിലാണല്ലോ

= ഈ സമീപനം പൂർണമായും അയഥാർത്ഥവും തെറ്റുമാണ്. നിങ്ങൾ എന്നെ കോൺഗ്രസ് അനുകൂലി എന്ന് വിളിച്ചാൽ എനിക്ക് മറ്റുളളവരെ ബിജെപി അനുകൂലികളെന്ന് കുറ്റപ്പെടുത്താനാകും. ഞാൻ കോൺഗ്രസ് അനുകൂലിയോ ബിജെപി അനുകൂലിയോ അല്ല. ഞാൻ ഇന്ത്യാ അനുകൂലിയാണ്. ഇന്ത്യൻ ജനതയോടാണ് എന്രെ അനുഭാവം. ഇപ്പോൾ ലക്ഷ്യം നേടാൻ ഏത് വഴിയിലാണ്ണ് നീങ്ങേണ്ടത്? അതുകൊണ്ട് തന്നെ ഇത്തരം ചാപ്പകുത്തലുകൾ പൊളിഞ്ഞ് പോകും. കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷം ഒരു ലൈൻ അംഗീകരിച്ചു. അത് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കും. എതൊരു പ്രതിനിധിക്കും ഭേദഗതി അവതരിപ്പിക്കാം. എല്ലാം പരിഗണിക്കും. അത് ചർച്ച ചെയ്ത് തീരുമാനിക്കും.

?അതായത് നിലവിലെ കരട് രേഖയിൽ മാറ്റം വരുമോ

= സിപിഎമ്മിന്രെ തീരുമാനങ്ങൾ എടുക്കുന്ന ഏറ്റവും ഉന്നതമായ ഘടകം അതാണ് (പാർട്ടി കോൺഗ്രസ്). അവിടെ ഇതിൽ മാറ്റംവരുത്തുമോ ഇല്ലയോ എന്ന് എനിക്ക് പറയാൻ സാധിക്കില്ല.

രണ്ട് രേഖകളും പരിശോധിക്കുമ്പോൾ അതിലെ ഏക വ്യത്യാസം “ധാരണ” എന്ന വാക്ക് മാത്രമാണ്. യെച്ചൂരിയുുടെ കരടിൽ കോൺഗ്രസുമായുളള ധാരണ തളളിക്കളയുന്നില്ല. കോൺഗ്രസുമായി സഖ്യമില്ല എന്ന് പറയുമ്പോൾ തന്നെ താങ്കളുടെ കരടിൽ ധാരണ എന്ന വാക്ക് ഉൾപ്പെടുത്തിയിട്ടില്ല. എന്തുകൊണ്ടാണിത്.

= സിപിഎം ഒരിക്കൽ ഭരണവർഗ പാർട്ടികളുമായി മുന്നണിയോ സഖ്യമോ ഉണ്ടാക്കില്ല. വർത്തമാനകാലത്തെ ഭരണവർഗത്തിനെതിരെ വർഗപരമായ ബദൽ സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അപ്പോൾ ഞങ്ങൾക്ക് എങ്ങനെ നിലവിലെ ഭരണവർഗങ്ങളുമായി മുന്നണി രൂപീകരിക്കാൻ സാധിക്കും? എന്നാൽ തിരഞ്ഞെടുപ്പ് സഖ്യമോ മുന്നണിയോ രൂപീകരിക്കാതെ തന്നെ മതേതര വോട്ടുകൾ ഭിന്നിച്ചു പോകാതെ ആർഎസ്എസിനെയും ബിജെപിയെയും തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ അത് നിറവേറ്റുക എന്നതാണ്.

?ധാരണയുണ്ടാകാനുളള സാധ്യത

= എന്നെ സംബന്ധിച്ചടത്തോളം അതൊരു തർക്കവിഷയമല്ല, എന്നാൽ അതേ കുറിച്ചുളള കാഴ്ചപ്പാടാണ് ഞാൻ പറഞ്ഞത്.

? പി സുന്ദരയ്യയുടെയും ഹർകിഷൻസിങ് സുർജിത്തിന്രെയും നിരയിലാണ് ഒരർത്ഥത്തിൽ യെച്ചൂരിയും. പാർട്ടി സെക്രട്ടറിമാരായിരിക്കെ അവരുടെ ലൈൻ തളളപ്പെട്ടതുപോലെ താങ്കളുടെ ലൈനും തളളിയിരിക്കുന്നു

= ജെ പി മൂവ്മമെന്രിനോടുളള സമീപനത്തെ കുറിച്ചുളള വിഷയം. ഫാസിസ്റ്റ് കക്ഷികളോടുളള സമീപനം എന്നിവ സംബന്ധിച്ച നിലപാടാണ്  സഖാവ് സുന്ദരയ്യുടെ രാജിക്ക് വഴിയൊരുക്കിയത്. 1975 ലായിരുന്നു അത്. എന്നാൽ അതിൽ അന്തിമ തീരുമാനം എടുത്തത് 1978 ലെ പാർട്ടി കോൺഗ്രസിലാണ്. ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന സഖാവ് ഹർകിഷൻ സിങ് സുർജിത്തിന്രെ നിർദേശം കേന്ദ്ര കമ്മിറ്റിയും പാർട്ടി കോൺഗ്രസും തളളിയിരുന്നു. പക്ഷേ അദ്ദേഹം അതിന് ശേഷവും ഏഴ് വർഷം പാർട്ടി ജനറൽ സെക്രട്ടറിയായി തുടർന്നു. എന്നാൽ ഇതൊന്നും സമാനതകളല്ല.

? താങ്കൾ രാജി സന്നദ്ധത പ്രകടിപ്പിച്ചോ? എതിരഭിപ്രായം പാർട്ടിയിൽ മുൻതൂക്കം നേടിയ സാഹചര്യത്തിൽ

= ഈ സാഹചര്യത്തിൽ താൻ തുടരുന്നതിൽ ന്യായീകരണമില്ലെന്ന് പൊളിറ്റ് ബ്യൂറോയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പൊള്ളിറ് ബ്യൂറോ ഏകകണ്ഠമായി അത്തരമൊരു ചോദ്യം ഉയരുന്നില്ല എന്നാണ് നിലപാട് സ്വീകരിച്ചത്. അത് പാർട്ടിയിൽ വിഭാഗീയതയുണ്ട് എന്ന പ്രതീതി സൃഷ്ടിക്കുമെന്നതിനാലാണ്. പ്രത്യേകിച്ച് ത്രിപുര തിരഞ്ഞെടുപ്പ് മുമ്പിൽ നിൽക്കുമ്പോൾ. അതിനാൽ ഞാൻ തുടരണമെന്ന് അവർ പറഞ്ഞു. പൊളിറ്റ് ബ്യൂറോയിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഞാൻ കേന്ദ്രകമ്മിറ്റിയെയും അറിയിച്ചത്. കേന്ദ്രകമ്മിറ്റിയുടെയും ഏകകണ്ഠമായ തീരുമാനം ഞാൻ തുടരണമെന്നതായിരിന്നു. അതുകൊണ്ടാണ് വാർത്താസമ്മേളനത്തിൽ ഞാൻ അക്കാര്യം വ്യക്തമാക്കിയത്.

?ഐക്യമുന്നണിയുടെ ആവശ്യം ഉണ്ട് എന്ന് കരുതുന്നുണ്ടോ

= ഐക്യമുന്നണിയെന്നത് ഫാസിസത്തെ തടഞ്ഞു നിർത്താൻ എന്ന് പറഞ്ഞുകൊണ്ടല്ല. ആ സാഹചര്യം ഇന്നില്ല. പക്ഷേ, ഞങ്ങൾ പറയുന്നത് ജനങ്ങൾക്ക് മുന്നിൽ ഒരു ബദൽ നയം വെയ്ക്കണമെന്നതാണ്. ആ നയത്തിന്രെ അടിസ്ഥാനത്തിൽ ജനങ്ങളെ അണിനിരത്താൻ സാധിക്കണം. രാജ്യത്തിന് നേതാക്കളെയല്ല ആവശ്യം രാജ്യം ആവശ്യപ്പെടുന്നത് നീതിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook