ഹൈദരാബാദ്: സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തിരഞ്ഞെടുത്തു. ഹൈദരാബാദില്‍ തുടരുന്ന ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനദിനത്തിലാണ് യെച്ചൂരിയെ രണ്ടാമതും പാര്‍ട്ടി തിരഞ്ഞെടുത്തത്.

17 അംഗ പോളിറ്റ് ബ്യൂറോ (പിബി)യേയും 95 അംഗ കേന്ദ്ര കമ്മിറ്റി (സിസി)യേയും പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്തു. സിസിയിൽ 19 പേർ പുതുമുഖങ്ങളാണ്. കേരളത്തിൽനിന്നും എം.വി.ഗോവിന്ദനും കെ.രാധാകൃഷ്ണനും കേന്ദ്രകമ്മിറ്റിയിലെ പുതുമുഖങ്ങളുടെ പട്ടികയിലുണ്ട്. പി.കെ.ഗുരുദാസൻ കേന്ദ്രകമ്മിറ്റിയിൽനിന്നും ഒഴിവായി. 80 വയസ് മാനദണ്ഡപ്രകാരമാണ് 82 കാരനായ ഗുരുദാസനെ ഒഴിവാക്കിയത്. മലയാളികളായ മുരളീധരനും വിജുകൃഷ്ണനും കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  നിലവിൽ ഇരുവരും കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളാണ്.

വി.എസ്.അച്യുതാനന്ദൻ പ്രത്യേക ക്ഷണിതാവായി തുടരും. എസ്.രാമചന്ദ്രൻ പിളള പൊളിറ്റ് ബ്യൂറോയിൽ തുടരും. 80 വയസ് കഴിഞ്ഞെങ്കിലും പ്രായപരിധിയിൽ ഇളവ് നൽകി രാമചന്ദ്രൻ പിളളയെ പിബിയിൽ നിലനിർത്തണമെന്ന് കാരാട്ട് പക്ഷം ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര കമ്മിറ്റിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ സിപിഎമ്മിൽ ഭിന്നത നിലനിന്നിരുന്നു. നിലവിലെ പിബിയിലും കേന്ദ്ര കമ്മിറ്റിയിലും മാറ്റം വരണമെന്നാണ് യെച്ചൂരിയും ബംഗാള്‍ ഘടകവും ആവശ്യപ്പെടുന്നത്. കേന്ദ്ര കമ്മറ്റിയില്‍ എത്തിയവരെ മാറ്റി പുതിയവരെ നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം, കേന്ദ്ര കമ്മിറ്റിയിൽ മാറ്റം വരുത്തേണ്ടെന്ന നിലപാടിലായിരുന്നു കാരാട്ട് പക്ഷം. കേരളഘടകത്തിന് ഇതേ നിലപാടാണുളളത്.

കേന്ദ്ര കമ്മിറ്റിയിൽ മാറ്റം വരുത്താതെ ജനറൽ സെക്രട്ടറിയായി യെച്ചൂരിയെ തിരഞ്ഞെടുത്താൽ ഭൂരിപക്ഷമില്ലാത്ത ജനറൽ സെക്രട്ടറിയായി അദ്ദേഹത്തിന് തുടരേണ്ടി വരും. കേന്ദ്ര കമ്മിറ്റിയിലെയും പിബിയിലെയും ഭൂരിപക്ഷം ഉപയോഗിച്ച് ജനറൽ സെക്രട്ടറി എന്ന രീതിയിൽ തന്നെ പ്രവർത്തിക്കാനോ തന്റെ നയങ്ങൾ നടപ്പിലാക്കാനോ പാർട്ടി അനുവദിക്കുന്നില്ലെന്ന് യെച്ചൂരി നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. ആ സ്ഥിതി ഒഴിവാക്കണമെന്നാണ് ബംഗാൾ ഘടകം ആവശ്യപ്പെട്ടത്. അതിനായി വേണ്ടി വന്നാൽ വോട്ടെടുപ്പ് നടത്തണമെന്ന നിർദേശവും ബംഗാൾ ഘടകം മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു. നിലവിലുളള സിസിയിലും പിബിയിലും കാരാട്ട് പക്ഷത്തിനാണ് ഭൂരിപക്ഷം.

തപൻ സിൻഹയും നിലോത്പൽ ബസുവും ആണ് പൊളിറ്റ് ബ്യൂറോയിലെ പുതിയ അംഗങ്ങൾ. ഭൃന്ദ കാരാട്ടും സുഭാഷിണി അലിയുമാണ് വീണ്ടും പൊളിറ്റ് ബ്യൂറോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സി പി എമ്മിൽ​ പൊളിറ്റ് ബ്യൂറോ അംഗങ്ങൾ:
1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. എസ്. രാമചന്ദ്രൻ പിളള
4.ബിമൻ ബസു
5. മണിക് സർക്കാർ
6. ഭൃന്ദാ കാരാട്ട്
7. പിണറായി വിജയൻ
8. ഹനൻ മൊളള
9. കോടിയേരി ബാലകൃഷ്ണൻ
10. എം എ ബേബി
11. സുർജ്യ കാന്ത മിശ്ര
12. മുഹമ്മദ് സലിം
13. സുഭാഷിണി അലി
14. ബി വി രാഘവലു
15. ജി. രാമകൃഷ്ണൻ
16. തപൻ സിൻഹ
17. നിലോത്പൽ ബസു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ