ന്യൂഡല്‍ഹി: രാജ്യത്തെ കമ്പ്യൂട്ടറുകളിലെ ഡാറ്റകള്‍ പരിശോധിക്കാന്‍ ഏജന്‍സികള്‍ക്ക് അനുമതി നല്കി കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ ആഞ്ഞടിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തിനാണ് എല്ലാ ഇന്ത്യക്കാരേയും ക്രിമിനലുകളെ പോലെ കാണുന്നതെന്നായിരുന്നു യെച്ചൂരിയുടെ ചോദ്യം.
ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും സ്വകാര്യത വിധിക്കും ആധാര്‍ വിധിക്കും എതിരാണെന്നും യെച്ചൂരി പറഞ്ഞു. ടെലിഫോണ്‍ ടാപ്പിങ് മാര്‍ഗ്ഗനിർദേശങ്ങള്‍ക്കും എതിരാണ് ഉത്തരവെന്നും അദ്ദേഹം പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
Why is every Indian being treated like a criminal? This order by a govt wanting to snoop on every citizen is unconstitutional and in breach of the telephone tapping guidelines, the Privacy Judgement and the Aadhaar judgement. https://t.co/vJXs6aycP0
— Sitaram Yechury (@SitaramYechury) December 21, 2018
രാജ്യത്തെ കമ്പ്യൂട്ടറുകളിലെ ഡാറ്റകള്‍ പരിശോധിക്കുന്നതിന് പത്ത് ഏജന്‍സികളെ ചുമതലപ്പെടുത്തിക്കൊണ്ടുളള ഉത്തരവ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗ്വാബ പുറത്തിറക്കിയിരുന്നു. കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്നതോ, അയച്ചതോ, സ്വീകരിച്ചതോ ആയ വിവരങ്ങള്‍ പരിശോധിക്കുകയോ, പിടിച്ചെടുക്കുകയോ ചെയ്യാമെന്നാണ് ഉത്തരവില്‍ പറയുന്നത്.
Read Also: കംപ്യൂട്ടറുകൾ ഇനി കേന്ദ്ര സർക്കാർ നിരീക്ഷണത്തിൽ, 10 ഏജൻസികൾക്ക് ചുമതല
കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്സ്, ഡയറ്റക്റ്ററേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ്, കമ്മീഷണര്‍ ഓഫ് പൊലീസ് എന്നീ എജന്‍സികള്‍ക്കാണ് ഡാറ്റ പരിശോധിക്കാനുള്ള ചുമതല.