/indian-express-malayalam/media/media_files/uploads/2017/10/sitaram-yechuri.jpg)
ന്യൂഡൽഹി: ആർഎസ്എസ്സും ബിജെപിയും കേരളത്തിൽ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. അക്രമങ്ങൾ തുടരാനാണ് ബിജെപിയുടെയും ആർഎസ്എസ്സിന്രെയും തീരുമാനമെങ്കിൽ കേരളത്തിൽ ഒരു സീറ്റിൽപോലും ജയിക്കാൻ അവർക്കാകില്ലെന്നും യച്ചൂരി പറഞ്ഞു. ബിജെപി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ബിജെപിയും ആർഎസ്എസ്സും അക്രമം നടത്തുന്നുവെന്നാരോപിച്ചായിരന്നു ബിജെപി ആസ്ഥാനത്തേയ്ക്ക് സിപിഎം മാർച്ച് നടത്തിയത്. കഴിഞ്ഞ പതിനാല് ദിവസമായി കേരളത്തിൽ ബിജെപി നടത്തുന്ന ജനരക്ഷാ മാർച്ചിന്രെ ഭാഗമായി സിപിഎമ്മിന്രെ ഡൽഹി ഓഫീസായി എകെജി ഭവനിലേയ്ക്ക് ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയിരുന്നു.
"കേരളത്തിൽ അക്രമം തുടരാനാണ് ബിജെപിയുടെ തീരുമാനമെങ്കിൽ അവർക്ക് ഒരു എംഎൽഎയെ പോലും കേരളത്തിൽ ലഭിക്കില്ല. ബിജെപിയും ആർഎസ്എസ്സും അക്രമവും ഭീകരതയും സൃഷ്ടിച്ച് അവരുടെ രാഷ്ട്രീയവും സാമൂഹികവുമായ അടിമത്തത്തെ വികസിപ്പിക്കുന്നതിനായി ശ്രമിക്കുക"യാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ആസ്ഥാനത്തിന് മുന്നിൽ നടത്തിയ പ്രസംഗത്തിൽ അഖിലേന്ത്യാ പ്രസിഡന്ര് അമിത് ഷായെ പരിഹസിക്കാനും സീതാറാം യച്ചൂരി മറന്നില്ല. "അഴിമതി ആരോപണത്തിന് വിധേയനായ മകൻ ജയ് ഷായെ രക്ഷിക്കാൻ അമിത് ഷാ കേരളത്തിൽ നടക്കുന്ന പരിപാടിയിൽ നിന്നും മാറി ഡൽഹിയിലേക്ക് ഓടിയെത്തുകയായിരുന്നു"വെന്ന് അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ മകൻ ജയ് ഷായുടെ സ്ഥാപനം ബിജെപി അധികാരത്തിൽ വന്നശേഷം ടേണോവറിൽ വൻ കുതിപ്പുണ്ടായത് സംബന്ധിച്ച് ന്യൂസ് പോർട്ടലായ ദ വയർ നൽകിയ റിപ്പോർട്ട് ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്രെ പരിഹാസം.
ഇടതുപക്ഷത്തിന്രെ അടയാളമായ ചുവന്നകൊടി (റെഡ്‌ഫ്ളാഗ്) നീക്കം ചെയ്യാനാകില്ലെന്ന് അദ്ദേഹം കേന്ദ്രം ഭരിക്കുന്ന പാർട്ടിയോട് പറഞ്ഞു. രാജ്യത്തു നിന്നും ഇടതുപക്ഷത്തെ ഇല്ലാതാക്കാമെന്നു കരുതുന്നുണ്ടെങ്കിൽ ബിജെപിക്ക് തെറ്റിപ്പോയി, ലോകത്ത് നിന്നും ഇടതുപക്ഷത്തെ തുടച്ചുനീക്കാമെന്ന് ഫാസിസ്റ്റുകൾ കരുതിയത് പോലെയാകുമെന്ന് അദ്ദേഹം പറഞ്ഞു. കാവി കേന്ദ്രങ്ങളിൽ നടത്തുന്ന രാഷ്ട്രീയ അക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ "ഉചിതമായ മറുപടി" പാർട്ടി പ്രവർത്തകർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.