എന്‍പിആര്‍ നടപടികളോട് സഹകരിക്കരുത്; കേന്ദ്രത്തിനെതിരെ വീണ്ടും യെച്ചൂരി

പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ബംഗാളില്‍ നടപ്പിലാക്കില്ല എന്ന് ആവര്‍ത്തിച്ച് തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി രംഗത്തെത്തിയിട്ടുണ്ട്

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കരുതെന്ന് ആവര്‍ത്തിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയ പൗരത്വ പട്ടികയുടെ (എന്‍ആര്‍സി) തുടക്കമാണ് ദേശീയ ജനസംഖ്യ പട്ടിക (എന്‍പിആര്‍). ഇതുമായി സഹകരിക്കരുത്. എന്‍ആര്‍സിയെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ എന്‍പിആറിലും വിട്ടുവീഴ്ച ചെയ്യരുതെന്ന് സിപിഎം ആവശ്യപ്പെട്ടു.

എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പറഞ്ഞിട്ടുണ്ട്. കേരളവും പശ്ചിമ ബംഗാളും എന്‍പിആറിനെയും എതിര്‍ത്തിരിക്കുന്നു. എന്‍ആര്‍സിയെ എതിര്‍ക്കുന്ന എല്ലാ മുഖ്യമന്ത്രിമാരോടും എന്‍പിആറിനോടും വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം ആവശ്യപ്പെടുന്നതായി സീതാറാം യെച്ചൂരി പറഞ്ഞു. എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും യെച്ചൂരി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ബംഗാളില്‍ നടപ്പിലാക്കില്ല എന്ന് ആവര്‍ത്തിച്ച് തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി രംഗത്തെത്തിയിട്ടുണ്ട്. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം സിഎഎയും എന്‍ആര്‍സിയും സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്ന് മമത ബാനര്‍ജി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയിലാണ് മമതയുടെ പരാമര്‍ശം.

“പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍, രാജ്യം മുഴുവന്‍ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരുമെന്ന് ഉറപ്പിച്ചു പറയുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ. രണ്ടു പേരുടെയും നിലപാടില്‍ വലിയ വൈരുദ്ധ്യമുണ്ട്. അവര്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ആരാണ് സത്യം പറയുന്നതെന്ന് ഞങ്ങള്‍ക്ക് അറിയണം.” മമത ബാനര്‍ജി ബംഗാളില്‍ പറഞ്ഞു.

Read Also: നിനക്ക് സാധിക്കും, തീര്‍ത്തിട്ട് വന്നാല്‍ മതി; ആ ഇന്നിങ്‌സിനെ കുറിച്ച് ഷാര്‍ദുല്‍

അതേസമയം, ദേശീയ ജനസംഖ്യാ പട്ടിക (എന്‍പിആര്‍) പുതുക്കുന്ന നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എന്‍പിആര്‍ പുതുക്കല്‍ നടപടികള്‍ക്കായി 8,500 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. 2010 ലാണ് അവസാനമായി ജിസ്റ്റര്‍ പുതുക്കിയത്. മാതാപിതാക്കളുടെ ജന്മസ്ഥലം, അവസാനം താമസിച്ച സ്ഥലം, സ്ഥിരം അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, വോട്ടേഴ്‌സ് ഐഡി നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയാണ് എന്‍പിആര്‍ പുതുക്കലിനായി ആവശ്യപ്പെടുക.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sitaram yechury against nrc and npr cpim statement

Next Story
ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം സിഎഎയും എന്‍ആര്‍സിയും ബംഗാളില്‍ നടപ്പിലാക്കില്ല: മമത
The moderation of comments is automated and not cleared manually by malayalam.indianexpress.com