ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ പകരക്കാരനില്ലാത്ത വ്യക്തിത്വമാണ് പ്രണബ് മുഖർജിയുടേത്. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി രാഷ്ട്രീയ വ്യത്യാസമില്ലാതെ ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തി കൂടിയാണ്. എതിർ ചേരിയിലുള്ളവരെ പോലും പ്രണബ് മുഖർജി എങ്ങനെ പരിഗണിച്ചിരുന്നു എന്നുള്ളതിനു ഉദാഹരണമാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കുവച്ച അനുഭവം. 2004 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്ന് പ്രണബ് ദാ തന്നോട് അഭിപ്രായം ചോദിച്ചിരുന്നതായി യെച്ചൂരി പറയുന്നു.
വാജ്പേയ് നേതൃത്വം നൽകുന്ന ബിജെപി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസും സിപിഎമ്മും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചുനിന്ന സമയമാണ്. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് പ്രണബ് ദായോട് കൂടുതൽ അടുത്തു സംസാരിക്കാൻ തനിക്ക് സാധിച്ചതെന്ന് യെച്ചൂരി പറയുന്നു.
Read Also: പ്രണബ് ദായ്ക്ക് യാത്രാമൊഴി; സംസ്കാരം ഇന്ന്
“2004 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് പ്രണബ് ദാ എന്നോട് ചോദിച്ചു. എന്റെ അഭിപ്രായം അറിയുകയായിരുന്നു ലക്ഷ്യം. നിങ്ങളെ പോലെ ഒരാൾക്ക് ഉപദേശം നൽകാൻ വളരെ ജൂനിയറായ ഞാൻ ആരാണെന്ന് പ്രണബ് ദായോട് ചോദിച്ചു. എന്തായാലും, വെറും ഒരു വിജയത്തിനേക്കാൾ അപ്പുറം പ്രതീക്ഷയുണ്ടെങ്കിൽ പ്രണബ് ദാ മത്സരിക്കണമെന്ന് ഞാൻ പറഞ്ഞു. ആ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. ബിജെപിയെ പരാജയപ്പെടുത്താൻ ഒന്നിച്ചു നിൽക്കുന്ന സമയമാണത്. അങ്ങനെയൊരു അവസ്ഥയിൽ പ്രണബ് ദായെ പോലൊരു രാഷ്ട്രീയ നേതാവ് പരാജയപ്പെട്ടാൽ അത് മോശം സന്ദേശമാണ് നൽകുക. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറയാൻ കാരണം. ഒടുവിൽ അദ്ദേഹം ജംഗിപൂർ മണ്ഡലത്തിൽ നിന്നു മത്സരിച്ചു, ജയിക്കുകയും ചെയ്തു,” യെച്ചൂരി പറഞ്ഞു. ഹിന്ദുസ്ഥാൻ ടെെംസിൽ പ്രണബ് മുഖർജിയെ അനുസ്മരിച്ച് എഴുതിയ ലേഖനത്തിലാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ദീർഘകാലം നീണ്ട രാഷ്ട്രീയ ജീവിതത്തിന് ഉടമയാണ് അന്തരിച്ച ഇന്ത്യൻ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ഏഴ് തവണ പാർലമെന്റ് അംഗമായ അദ്ദേഹം മൂന്നു പ്രധാനമന്ത്രിമാരുടെ കീഴിൽ കേന്ദ്ര മന്ത്രിയായി സേവനമനുഷ്ടിച്ചിരുന്നു. രണ്ടു തവണ അദ്ദേഹത്തിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടെങ്കിലും ആ പദവിയിലെത്താൻ അദ്ദേഹത്തിന് അവസരം ലഭിക്കാതെ പോവുകയായിരുന്നു.
84 കാരനായ മുഖർജി തിങ്കളാഴ്ച വൈകിട്ടോടെയാണ് അന്തരിച്ചത്. കോവിഡ് ബാധിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ മാസം ആദ്യം ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു, വെന്റിലേറ്റർ പിന്തുണയിലായിരുന്നു മുഖർജിയുടെ ചികിത്സ മുന്നേറിയിരുന്നത്.