ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് പാർട്ടി കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. യെച്ചൂരിയെ മത്സരിപ്പിക്കണമെന്ന ബംഗാൾ ഘടകത്തിന്റെ നിർദ്ദേശം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തളളി.

സീതാറാം യെച്ചൂരി നിർവഹിക്കേണ്ടത് ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ പിന്തുണയോടെ ജനറൽ​സെക്രട്ടറിയെ രാജ്യസഭയിലേയ്ക്ക് അയ്ക്കുകയെന്നത് സി പി എമ്മിന്റെ നിലപാടുകളുമായി യോജിക്കുന്നതല്ല. രാജ്യസഭയിലേയ്ക്ക് മൂന്നാം തവണ ജനറൽ സെക്രട്ടറിയായ യെച്ചൂരിയെ അയക്കണമെന്ന ബംഗാൾ ഘടകത്തിന്റെ ആവശ്യം കേന്ദ്ര കമ്മിറ്റി ചർച്ച  ചെയ്യാനിരിക്കെയാണ് പിണറായി നിലപാട് വ്യക്തമാക്കയിരിക്കുന്നത്.

നേരത്തേ വിഎസ് അച്യുതാനന്ദന്‍ യെച്ചൂരി മത്സരിക്കണമെന്നും പിന്തുണയ്ക്കുന്നതായും അറിയിച്ച് രംഗത്തെത്തിയിരുന്നു. അദ്ദേഹം കേന്ദ്ര കമ്മറ്റിയ്ക്ക് തന്റെ നിലപാട് അറിയിച്ച് കുറിപ്പും നല്‍കിയിരുന്നു. യെച്ചൂരി മത്സരിക്കേണ്ടെന്ന് മൂന്ന് തവണ പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു.

നേരത്തെ എ.കെ. ആന്റണിയും യെച്ചൂരിക്ക് പരോക്ഷ പിന്തുണയുമായി രംഗത്തുവന്നിരുന്നു. ദേശീയ തലത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഉള്‍പ്പെട്ട വിശാല സഖ്യത്തിന് തടസ്സം നില്‍ക്കുന്നത് കേരളത്തിലെ സിപിഎമ്മാണെന്നായിരുന്നു ആന്റണിയുടെ പരാമര്‍ശം. വിഷയത്തില്‍ പിന്തുണ തേടി യെച്ചൂരി കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

മമതയെ നേരിടാന്‍ കോണ്‍ഗ്രസ് വേണമെന്നായിരുന്നു ബംഗാളിലെ സിപിഎമ്മിന്റെ നിലപാട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം വേണമെന്നും അവര്‍ വാദിക്കുന്നു. കേരളത്തില്‍ മുഖ്യശത്രുവായ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നത് സംസ്ഥാനത്ത് തിരിച്ചടിയാകുമെന്നാണ് കാരാട്ട് പക്ഷത്തുള്ള കേരളഘടകം വിശദീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ