ഗാന്ധിനഗര്‍: സീതാ ദേവിയെ തട്ടിക്കൊണ്ടു പോയത് ശ്രീരാമനാണെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകം. ഇംഗ്ലീഷ് ഭാഷയില്‍ അച്ചടിച്ച സംസ്കൃതം പുസ്തകത്തിലാണ് തെറ്റു പിണഞ്ഞത്. വിവര്‍ത്തനത്തില്‍ വന്ന പിഴവാണ് ഇതെന്നാണ് ഗുജറാത്ത് സ്റ്റേറ്റ് ടെക്സ്റ്റ്ബുക്ക് ബോര്‍ഡ് (ജിഎസ്എസ്ടിബി) പ്രതികരിച്ചത്.

‘രാമന്‍ സീതയെ ‘തട്ടിക്കൊണ്ടു പോയപ്പോള്‍’ ഹൃദയം തൊടുന്ന ഒരു സന്ദേശമാണ് ലക്ഷ്മണന്‍ രാമന് നല്‍കിയത്’, ഇതായിരുന്നു രാമായണത്തിലെ വിവരണത്തെ കുറിച്ച് എഴുതിയ വാചകം. പ്ലസ്ടു ക്ലാസിലെ ഇംഗ്ലീഷ് മീഡിയം വിഭാഗത്തിനായാണ് ഇത് വിവര്‍ത്തനം ചെയ്ത പുസ്തകം ലഭിച്ചത്. എന്നാല്‍ ‘തട്ടിക്കൊണ്ടു പോയപ്പോള്‍’ എന്ന വാക്ക് തെറ്റായി അച്ചടിച്ചതാണെന്നും ‘ഉപേക്ഷിച്ചപ്പോള്‍’ എന്നാണ് ശരിയായ വാചകമെന്നും ഗുജറാത്ത് സ്റ്റേറ്റ് സ്കൂള്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് പ്രസിഡന്റ് നിധിന്‍ പേതാനി പറഞ്ഞു. വിവര്‍ത്തനത്തില്‍ വന്ന തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രൂഫ് റീഡിന് കൊടുത്തപ്പോഴും ഇത് ശ്രദ്ധയില്‍ പെട്ടില്ലെന്നും വാക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയതാണെന്നും അദ്ദേഹം വിശദീകരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘സംഭവത്തില്‍ അന്വേഷണം നടത്തും. പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ ഏല്‍പ്പിച്ച കമ്പനിയേയും പ്രൂഫ് റീഡിന് നല്‍കിയവരേയും ചോദ്യം ചെയ്യും. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കും’, അദ്ദേഹം പറഞ്ഞു. എന്നാല്‍ പുസ്തകങ്ങള്‍ പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പാഠഭാഗം പഠിപ്പിക്കുമ്പോള്‍ തിരുത്തല്‍ നടത്താന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കാനാണ് തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ