ലക്നൗ: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന് പിന്നാലെ മഹാഭാരതത്തെ കുറിച്ചുളള പ്രസ്താവനയുമായി രംഗത്തെത്തിയ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി പുതിയ പരാമര്‍ശവുമായി രംഗത്ത്. ‘ടെസ്റ്റ് ട്യൂബ് ശിശുവിന് ഉദാഹരണമാണ് സീതാ ദേവി’ എന്നാണ് മന്ത്രി ദിനേശ് ശര്‍മയുടെ പുതിയ വാക്കുകള്‍.
‘സീത ജനിച്ചത് ടെസ്റ്റ് ട്യൂബ് പോലൊരു സംവിധാനം കൊണ്ടായിരിക്കണം. സീതയുടെ പിതാവ് ജനകന് കലപ്പ കൊണ്ട് നിലം ഉഴുതപ്പോള്‍ പുറത്തുവന്ന കുട്ടിയാണ് സീത. അന്നത്തെ കാലത്ത് ടെസ്റ്റ് ട്യൂബ് ശിശുവിനെ ഉണ്ടാക്കാനുളള സംവിധാനം ഉണ്ടായിരുന്നു എന്നതിന് തെളിവാണിത്’, മന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ മഥുരയിൽ ഹിന്ദി പത്രപ്രവർത്തന ദിവസത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിലായിരുന്നു യുപി ഉപമുഖ്യമന്ത്രികൂടിയായ ദിനേശ് ശർമയുടെ പരാമർശം.
ഇതേ വേദിയില്‍ വച്ചാണ് മഹാഭാരതകാലം തൊട്ടേ മാധ്യമപ്രവർത്തനമുണ്ടായിരുന്നെന്നും നാരദനായിരുന്നു മികച്ച റിപ്പോർട്ടറെന്നും അദ്ദേഹം പറഞ്ഞത്. പുരാണകഥാപാത്രമായ സഞ്ജയൻ ഹസ്തിനപുരത്തിൽ ഇരുന്നുകൊണ്ട് പക്ഷിയുടെ കണ്ണിലൂടെ മഹാഭാരതയുദ്ധത്തിലെ സംഭവങ്ങൾ അന്ധനായ ധൃതരാഷ്ട്രർക്കു വിവരിച്ചു നൽകിയിരുന്നത് തത്സമയ സംപ്രേക്ഷണത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.
നാരദനെ ഗൂഗിളുമായി ബന്ധപ്പെടുത്തിയും മന്ത്രി പരാമർശങ്ങൾ നടത്തി. ഇന്നത്തെ കാലത്തെ ഗൂഗിളാണ് അന്നത്തെ നാരദനെന്ന് മന്ത്രി പറഞ്ഞു. ‘നിങ്ങളുടെ ഗൂഗിള്‍ ഇപ്പോഴാണ് ആരംഭിച്ചത്. എന്നാല്‍ ഞങ്ങളുടെ ഗൂഗിള്‍ കാലങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചതാണ്. നാരദമുനി ഗൂഗിളിന്റെ ഒരു രൂപം തന്നെയാണ്. നാരായണ എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞ് ഏത് സ്ഥലത്തും എത്തി വിവരങ്ങള്‍ കൈമാറാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു’, മന്ത്രി പറഞ്ഞു.
ഇത് ആദ്യമായല്ല മഹാഭാരതത്തെ ബന്ധപ്പെടുത്തി ബിജെപി നേതാക്കൾ ശാസ്ത്രത്തെ അപഗ്രഥിക്കുന്നത്. ഇന്റർനെറ്റ്, പ്ലാസ്റ്റിക് സർജറി, പരിണാമസിദ്ധാന്തം, ആണവ പരീക്ഷണം തുടങ്ങിയ വിഷയങ്ങളിലും സമാനമായ പ്രസ്താവനകളുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ അടുത്തിടെ ചുമതലയേറ്റ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് വരെ ഇത്തരത്തിൽ മഹാഭാരതത്തില്‍ നിന്നും കണ്ടെത്തല്‍ നടത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് മഹാഭാരത വിവരണം ധൃതരാഷ്ട്രര്‍ കേട്ടതെന്നായിരുന്നു ബിപ്ലബ് അന്ന് പറഞ്ഞത്.