ന്യൂഡല്‍ഹി: ഐതീഹ്യത്തിലെ സ്ത്രീ കഥാപാത്രം മാത്രമാണ് സീതയെന്നും ഇവര്‍ ജീവിച്ചിരുന്നതായിട്ട് ചരിത്രപരമായ യാതൊരു തെളിവും ഇല്ലെന്നും കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ. ഐതീഹ്യവും ചരിത്രവും തമ്മിലുള്ള സംഘര്‍ഷം നിത്യകാഴ്ച്ചയായ രാജ്യത്ത് ബിജെപി നേതാവിന്റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെക്കുക.

ഇതേ യുക്തി പരിഗണിക്കുകയാണെങ്കില്‍ സീതയുടെ ഭര്‍ത്താവായ രാമനും വെറും വിശ്വാസത്തിന്റെ ഭാഗമാണെന്ന് ബിജെപി നയിക്കുന്ന സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ പറഞ്ഞു. സീത ജീവിച്ചിരുന്നതായി എന്തെങ്കിലും തെളിവ് കേന്ദ്രത്തിന്റെ കൈയിലുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മഹേഷ് ശര്‍മ്മ.

എന്നാല്‍ രാമന്‍ തന്റെ ദൈവമാണെന്നും മന്ത്രിയുടെ പരാമര്‍ശം തന്റെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ് പറഞ്ഞു. ഇതിന് കേന്ദ്രം മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സീതയേയും, സ്ത്രീകളെ ഒന്നടങ്കവുമാണ് സര്‍ക്കാര്‍ അപമാനിച്ചതെന്ന് ജനതാദള്‍ യുനൈറ്റഡ് നേതാവ് അനില്‍ കുമാര്‍ പറഞ്ഞു.

രാമവിഷയം കൂട്ടുപിടിച്ചാണ് നിങ്ങളുടെ ഗവണ്‍മെന്റ് അധികാരത്തില്‍ ഏറിയതെന്നും ഇപ്പോള്‍ സീതയെ തള്ളിപ്പറയുകയാണോ ചെയ്യുന്നതെന്നും ദിഗ്‍വിജയ് സിംഗ് ചോദിച്ചു. അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന ബിജെപിയുടെ വാഗ്ദാനത്തെ ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം. 1992 ഡിസംബര്‍ 6നാണ് തീവ്ര ഹിന്ദുത്വവാദികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്. മുവായിരത്തിലധികം പേരാണ തുടര്‍ന്നുണ്ടായ വര്‍ഗീയ ലഹളകളെ തുടര്‍ന്ന് രാജ്യത്ത് കൊല്ലപ്പെട്ടത്.

ആദ്യ മുഗള്‍ ഭരണാധികാരിയായിരുന്ന ബാബര്‍ പള്ളി പണിത സ്ഥലത്താണ് രാമന്‍ ജനിച്ചതെന്നാണ് രാജ്യത്തെ ഒരുഭാഗം ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്. 2.7 ഏക്കറുള്ള ഈ തര്‍ക്കപ്രദേശം ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി വോട്ട് തേടിയതും.

രാജ്യസഭയിലെ ബിജെപി എംപിയുടെ പരാമര്‍ശത്തെ ചിരിയടക്കനാവാതെയാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും സഭയില്‍ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ