ന്യൂഡൽഹി: കൊറോണ വെെറസിനെ ഇല്ലാതാക്കാൻ നന്നായി വെയിൽ കൊണ്ടാൽ മതിയെന്ന വാദവുമായി കേന്ദ്രമന്ത്രി. സൂര്യന് ഏറ്റവും ചൂടുള്ള സമയത്ത് 15 മിനിറ്റ് വെയിൽ കൊണ്ടാൽ ശരീരത്തിലെ വിറ്റാമിൻ ‘ഡി’ വർധിക്കുമെന്നും ഇതുവഴി കൊറോണ വെെറസിനെ ഇല്ലാതാക്കാൻ സാധിക്കുമെന്നും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി അശ്വിനി ചൗബെ പറഞ്ഞു. വെയിൽ ഏറ്റവും കഠിനമാകുന്ന രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെയുള്ള സമയത്താണ് ഇതു ചെയ്യേണ്ടതെന്നും മുതിർന്ന ബിജെപി നേതാവ് കൂടിയായ ഇദ്ദേഹം പറഞ്ഞു.

രാജ്യത്ത് കൊറോണ വെെറസ് പടരവേ സമാനമായ പ്രസ്‌താവനയുമായി കേരളത്തിലെ മുൻ ഡിജിപി ടി.പി.സെൻകുമാർ രംഗത്തെത്തിയിരുന്നു. കേരളത്തിൽ ചൂട് കൂടുതലായതിനാൽ കൊറോണ വെെറസ് പടരില്ലെന്നായിരുന്നു സെൻകുമാർ പറഞ്ഞത്. കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കുവെന്നും കേരളത്തിലെ ചൂടില്‍ കൊറോണ ആര്‍ക്കും പടരില്ലെന്നുമാണ് സെൻകുമാർ പറഞ്ഞിരുന്നു.

ഇതിനെതിരെ ഡോക്‌ടർമാർ അടക്കം രംഗത്തെത്തി. വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്ന് സെൻകുമാറിന്റെ പേര് പരാമർശിച്ച് ആരോഗ്യമന്ത്രി കെ.കെ.ശെെലജ അടക്കം വിമർശനമുന്നയിച്ചിരുന്നു. വെയിലിന് കൊറോണവൈറസിനെ കൊല്ലാന്‍ കഴിയുമെന്നതിന് തെളിവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

അതേസമയം, രാജ്യത്ത് കോവിഡ്-19 വ്യാപനം വർധിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 170 ആയി. ഛണ്ഡീഗഢിലാണ് പുതിയ കോവിഡ് കേസ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ നിന്നു എത്തിയ യുവതിക്കാണ് ഇന്ത്യയില്‍ പുതുതായി രോഗം
19 സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചിട്ടുള്ളത്.
കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഏറ്റവുമാദ്യം കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്.

Read Also: കുപ്പി വാങ്ങാൻ മദ്യപരുടെ ഓടടാ ഓട്ടം; ലീഗ് പ്രതിഷേധത്തിന്റെ ക്ലെെമാക്‌സ് ഇങ്ങനെ, വീഡിയോ

ഇതുവരെ കോവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചതു 8,962 പേരാണ്. ലോകത്തു കോവിഡ് വെെറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,19,101 ആയി. ഇതിൽ 85,000 ത്തിലേറെ പേർ രോഗവിമുക്‌തരായിട്ടുണ്ട്. ചെെനയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 3,245 ആയി. രാജ്യത്ത്‌ 80,000 ത്തിലേറെ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ 2,978 പേർ മരിച്ചപ്പോള്‍ ഇറാനില്‍ മരണസംഖ്യ 1,135 ആയി. ഇറ്റലിയിൽ അതിവേഗമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം നാലായിരത്തിലേറെ പേർക്ക് ഇറ്റലിയിൽ കോവിഡ് സ്ഥിരീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook