മുംബൈ: ബൈക്കപകടത്തില്‍ സഹോദരി മരിച്ചതിന് പിന്നാലെ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബൈക്ക് അമിത വേഗത്തില്‍ ഓടിച്ചതിനാണ് കേസെടുത്തത്. മൂന്ന് മാസം മുമ്പ് മുംബൈയിലെ ആംബര്‍നാഥില്‍ നടന്ന അപകടത്തില്‍ 29കാരിയായ അശ്വിനി ജാവിര്‍ മരിച്ചിരുന്നു. തുടര്‍ന്നാണ് 24കാരനായ സഹോദരന്‍ ആകാശ് ഭവിസ്കറിനെതിരെ കേസെടുത്തത്.

മാര്‍ച്ച് 28നാണ് അപകടം നടന്നത്. കല്യാണ്‍ കോടതിയിലേക്കുളള യാത്രാമധ്യേയാണ് അപകടം നടന്നത്. കെബി റോഡിന് അടുത്ത് ഒരു സ്വകാര്യ ബസിനെ മറികടക്കാനുളള ശ്രമത്തിനിടെയാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. എതിരെ ഒരു ട്രക്ക് വന്നപ്പോള്‍ ആകാശ് ബ്രേക്ക് ചവിട്ടുകയായിരുന്നു. എന്നാല്‍ ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ വീണു. തുടര്‍ന്ന് സഹോദരിയുടെ തല ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ആകാശ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അശ്വിനിയുടെ വിവാഹമോചന കേസ് നടക്കുകയായിരുന്ന കല്യാണ്‍ കോര്‍ട്ടിലേക്ക് ഇരുവരും ബൈക്കില്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. അന്നേ ദിവസം ഉച്ചയ്‌ക്ക് 2 മണിക്കാണ് വാദം കേള്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങാന്‍ വൈകിയത് കാരണം ബൈക്കില്‍ വേഗത്തിലാണ് കോടതിയിലേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു.

ട്രക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനാണ് ബ്രേക്കിട്ടതെന്ന് ആകാശ് മൊഴി നല്‍കി. എന്നാല്‍ നിയന്ത്രണം വിട്ടാണ് അപകടം നടന്നതെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു. തലയിടിച്ച് വീണ അശ്വിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്വേഷണത്തിന് ശേഷമാണ് ആകാശിനെതിരെ പൊലീസ് കേസെടുത്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ