Latest News

ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയായി സിരിഷ: വിർജിൻ ഗാലക്ടിക് യാത്ര വിജയകരം

സിരിഷക്ക് മുൻപ് ബഹിരാകാശയാത്ര ചെയ്ത ഇന്ത്യൻ വംശജരായ സ്ത്രീകൾ കല്പന ചൗളയും സുനിത വില്യംസുമാണ്

ന്യുയോർക്ക്: ബഹിരാകാശത്തേക്ക് യാത്ര ചെയ്ത മൂന്നാമത് ഇന്ത്യക്കാരിയായി ആന്ധ്രാ സ്വദേശി സിരിഷ. വിർജിൻ ഗാലക്റ്റിക് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസന്റെ ബഹിരാകാശയാത്ര സംഘത്തോടൊപ്പമാണ് 34-കാരിയായ സിരിഷ ബന്ദ്ലയും ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയത്. സിരിഷ ഉൾപ്പടെ ആറംഗ സംഘംന്യൂമെക്സിക്കോയിലെ സ്പേസ് പോർട്ടിൽ നിന്നാണ് ബഹിരാകാശത്തേക്ക് യാത്ര ആരംഭിച്ചത്.

വിർജിൻ ഗാലക്ടികിന്റെ വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വിമാനത്തിലുള്ള സംഘം ദൗത്യം പൂർത്തീകരിച്ച ശേഷം വിജയകരമായി തിരിച്ചിറങ്ങി. ഇന്ത്യൻ സമയം രാത്രി എട്ടുമണിയോടെയാണ് യാത്ര ആരംഭിച്ചത്. 6.30ന് തുടങ്ങേണ്ടിയിരുന്ന യാത്ര കാലാവസ്ഥ പ്രതികലൂലമായതിനെത്തുടർന്ന് ഒന്നര മണിക്കൂർ വൈകുകയായിരുന്നു. യാത്ര പൂർത്തിയാക്കിയ ബഹിരാകാശ വിമാനം വിജയകരമായി തിരിച്ചെത്തിയതായി വിർജിൻ ഗാലക്റ്റിക് അധികൃതർ അറിയിച്ചു.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച സിരിഷ മാതാപിതാക്കളായ ഡോ. ബന്ദ്ല മുരളീധറിനും അനുരാധയ്ക്കുമൊപ്പം അഞ്ചാം വയസ്സിലാണ് അമേരിക്കയിലെ ഹ്യൂസ്റ്റണിലേക്ക് താമസം മാറിയത്. പർദ്യു സർവകലാശാലയിൽ നിന്ന് എയ്‌റോനോട്ടിക്കൽ എൻജിനിയറിങ്ങിൽ ബിരുദവും ജോർജ്ജ് വാഷിംഗ്ടൺ സർവകലാശാലയിൽ നിന്നും എംബിഎയും കരസ്ഥമാക്കിയിട്ടുള്ള സിരിഷ, വിർജിൻ ഗാലക്റ്റിക്കിലെ സർക്കാർ കാര്യങ്ങളുടെയും ഗവേഷണ പ്രവർത്തനങ്ങളുടെയും വൈസ് പ്രസിഡന്റാണ്‌. യാത്രാസംഘത്തിലെ നാലാം യാത്രികയായ സിരിഷ ഗവേഷണത്തിനായാണ് യാത്ര ചെയ്യുന്നത് എന്നാണ് വിർജിൻ ഗാലക്‌റ്റിക് വെബ്സൈറ്റിൽ പറയുന്നത്.

സിരിഷക്ക് മുൻപ് ബഹിരാകാശയാത്ര ചെയ്ത ഇന്ത്യൻ വംശജരായ സ്ത്രീകൾ കല്പന ചൗളയും സുനിത വില്യംസുമാണ്. 1997ലും 2003ലുമാണ് കല്പന ചൗള ബഹിരാകാശയാത്ര നടത്തിയത്. 2007ൽ ആയിരുന്നു സുനിതാ വില്ലിംസിന്റെ യാത്ര. ദിവസങ്ങൾക്ക് മുൻപ്, യൂണിറ്റി 22ന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും, ബഹിരാകാശം എല്ലാവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കമ്പനിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും, അവർ ട്വീറ്റ് ചെയ്തിരുന്നു.

Read Also: വിർജിൻ ഗാലക്റ്റിക് ബഹിരാകാശ വിമാനം ഇന്ന് വൈകുന്നേരം പറന്നുയരും; എങ്ങനെ കാണാം?

‘യൂണിറ്റി 22’ കൂടാതെ, 2022ൽ വാണിജ്യ സർവീസ് ആരംഭിക്കുന്നതിനു മുൻപ് കമ്പനി രണ്ട് ടെസ്റ്റ് ഫ്ലൈറ്റുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് ഇന്നത്തെ യാത്രയുടെ തത്സമയ സംപ്രേക്ഷണം കാണാൻ വിർജിൻ ഗാലക്‌റ്റിക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. വിർജിൻ ഗാലക്‌റ്റിക്കിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ യാത്ര ആരംഭിക്കുന്നത് തത്സമയം കാണാൻ സാധിക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sirisha bandla 3rd indian women set to travel to space on virgin galactic flight

Next Story
രാജ്യത്ത് 41,506 പുതിയ കേസുകള്‍; കൂടുതല്‍ കേരളത്തില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com