ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പലവിധത്തിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. വിദ്യാര്‍ഥികളും യുവാക്കളുമാണ് രാജ്യത്ത് പലയിടത്തായി പ്രതിഷേധിക്കുന്നവരില്‍ അധികവും. ഇതിനിടയിലാണ് മംഗളൂരുവിൽനിന്നൊരു വേറിട്ട പ്രതിഷേധം ശ്രദ്ധേയമാകുന്നത്.

തടയാൻ ശ്രമിച്ച  പൊലീസിനെ നിഷ്പ്രഭമാക്കി നടു റോഡിൽ ധൈര്യത്തോടെ ഒറ്റയ്ക്കു പ്രതിഷേധിക്കുകയാണു പെൺകുട്ടി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഈ രാജ്യത്തിനു വേണ്ടിയാണ് താന്‍ പ്രതിഷേധിക്കുന്നതെന്നും ഒറ്റയ്‌ക്കാണെങ്കിലും പ്രതിഷേധം തുടരുമെന്നും പറഞ്ഞുകൊണ്ട് പെണ്‍കുട്ടി പൊലീസിനു മുന്നിൽ കത്തിക്കയറി.

Read Also: ഹിന്ദുവും മുസ്‌ലിമും എങ്ങനെ ഒന്നിച്ച് പണിയെടുക്കുന്നു?; ഒരേ പാത്രത്തില്‍നിന്ന് ഭക്ഷണം കഴിച്ച് മറുപടി, വീഡിയോ

“വര്‍ഗീയതയെ ഒരു സാധാരണ വിഷയമാക്കി മാറ്റുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. വര്‍ഗീയതയെ നിയമപരമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. താന്‍ സ്വേച്ഛാധിപതി അല്ലെന്ന് നരേന്ദ്ര മോദി മനസിലാക്കണം. ഇന്ത്യയുടെ ഭാവിക്കു വേണ്ടിയാണ് ഞാന്‍ തെരുവില്‍ പ്രതിഷേധിക്കുന്നത്. രാജ്യത്ത് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇതില്‍നിന്നെല്ലാം ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പോലുള്ള വിഷയങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമ പിന്‍വലിക്കണം. ഒറ്റയ്ക്കാണെങ്കിലും ഞാന്‍ ഇവിടെ പ്രതിഷേധിക്കും. ലോകം അറിയുന്ന ചരിത്രകാരനാണ് രാമചന്ദ്ര ഗുഹ. അദ്ദേഹത്തിനു പോലും ഇവിടെ അതിക്രമം നേരിടേണ്ടി വന്നു. അങ്ങനെയാണെങ്കില്‍ നമ്മളെ പോലുള്ളവരുടെ അവസ്ഥ എന്തായിരിക്കും” പെണ്‍കുട്ടി പ്രസംഗിച്ചു.

ഇതിനിടയില്‍ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അവിടെനിന്ന് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. തന്നെ ഇവിടെ നിന്ന് മാറ്റാന്‍ പൊലീസിന് അധികാരമില്ലെന്നും നിരോധനാജ്ഞയുണ്ടെങ്കില്‍ പോലും ഒറ്റയ്ക്കുള്ള പ്രതിഷേധത്തെ തടയാന്‍ സാധിക്കില്ലെന്നും പൊലീസ് ഉദ്യോഗസ്ഥയോട് പെണ്‍കുട്ടി പറയുന്നു.

പെണ്‍കുട്ടി പ്രതിഷേധിക്കുന്നതുകണ്ട് അവിടെ നിന്നിരുന്ന ഒരു പ്രായമുള്ള സ്ത്രീയും മുന്നിലേക്ക് കയറിവരുന്നുണ്ട്. പെണ്‍കുട്ടിക്കൊപ്പം അവരും പ്രതിഷേധിക്കുന്നതായി വീഡിയോയില്‍ കാണാം. ഇപ്പോള്‍ പ്രതിഷേധിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ് പ്രതിഷേധിക്കുക എന്ന് സ്ത്രീ ചോദിക്കുന്നു. നിശബ്ദരായി ഇരിക്കരുതെന്നും പ്രതിഷേധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook