ന്യൂഡൽഹി: സിംഗു അതിർത്തിയിലെ കർഷക സമരം നടക്കുന്ന സ്ഥലത്ത് പൊലീസ് ബാരിക്കേഡിൽ കെട്ടിതൂക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി. കൈപ്പത്തി മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. സമരസ്ഥലത്തുണ്ടായിരുന്ന നിഹാങ് സിഖുകാരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. ഇവർ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായുള്ള വീഡിയോ പ്രചരിക്കുന്നുണ്ട്.
സിഖ് മതഗ്രന്ഥത്തെ അവഹേളിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നും അറിയുന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ബാരിക്കേഡിൽ കെട്ടിയിട്ട നിലയിൽ കണ്ട മൃതദേഹത്തിന്റെ കൈപ്പത്തി മുറിച്ചു മാറ്റിയ നിലയിലും കാലുകൾ ഒടിഞ്ഞ നിലയിലും ആയിരുന്നു.
പഞ്ചാബിലെ താൺ തരൻ ജില്ലയിലെ ചീമാ കലൻ ഗ്രാമത്തിൽ നിന്നുള്ള 35-കാരനായ ലഖ്ബീർ സിങ്ങാണ് കൊല്ലപ്പെട്ടത്. ഗ്രാമ തലവൻ അവൻ കുമാറും ഡിഎസ്പി സുചാ സിംഗും ഇത് സ്ഥിരീകരിച്ചു.
രാവിലെ അഞ്ചു മണിയോടെ സമരസ്ഥലത്ത് ഒരാളെ ബാരിക്കേഡിൽ കെട്ടിയിട്ട നിലയിൽ കണ്ടതായി വിവരം ലഭിച്ചതിനാൽ കുണ്ടലി പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു സംഘം സ്ഥലത്ത് എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Also Read: താലിബാനുമായുള്ള ചർച്ചയിൽ പങ്കെടുക്കാൻ ഇന്ത്യ; റഷ്യയുടെ ക്ഷണം സ്വീകരിച്ചു
“പരുക്കേറ്റയാളെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഇയാളെ ഇനിയും തിരിച്ചറിയാനുണ്ട്. അജ്ഞാതർക്കെതിരെ ഞങ്ങൾ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അജ്ഞാതൻ വിശുദ്ധ ഗ്രന്ഥത്തോട് അനാദരവ് കാണിച്ചതായി ചില നിഹാങ് സിഖുകാർ അവകാശപ്പെടുന്ന നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ചില നിഹാങ് സിഖുകാർ അയാളെ മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായി സംശയിക്കുന്നു. ഇത് അന്വേഷണ വിഷയമാണ്. ” സോനെപത് പൊലീസ് സൂപ്രണ്ട് ജഷന്ദീപ് സിങ് രന്ധാവ പറഞ്ഞു.
ബാരിക്കേഡിൽ കെട്ടിയിട്ടു ചോരയിൽ കുളിച്ചു കിടക്കുന്ന ഒരാളെ ഒരു കൂട്ടം ആളുകൾ ചേർന്ന് ചോദ്യം ചെയ്യുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
‘ഗുരു ഗ്രന്ഥ് സാഹി’ബിനെ അവഹേളിച്ചതിന് ഒരാളെ പിടികൂടിയെന്നും അയാളുടെ കൈവെട്ടി മാറ്റിയെന്നും കാലൊടിച്ചെന്നും അയാളെ അയച്ച ആളെ കൊല്ലുമെന്നും പറയുന്ന ഒരാളുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്. കൊല്ലപ്പെട്ടയാളെ ഇയാളുടെ സമീപം കാണാം.
നാട്ടുകാരും ഗ്രാമ തലവനും പറയുന്നതനുസരിച്ച്, മാതാപിതാക്കളെ നഷ്ടപെട്ട ലാഖ്ബീർ സിങ് സഹോദരിയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.
ചൊവ്വാഴ്ചയാണ് ലഖ്ബീർ സിങിനെ അവസാനമായി ഗ്രാമത്തിൽ കണ്ടതെന്ന് അവർ പറഞ്ഞു. “ഗ്രാമത്തിൽ നിന്നും സിംഗുവിലേക്ക് പോയ ഒരേയൊരു വ്യക്തി അയാളായിരുന്നു.”എന്ന് ഡിഎസ്പി സുചാ സിംഗ് പറഞ്ഞു.