ചെന്നൈ: ഗായിക എസ് ജാനകിയുടെ ആരോഗ്യ നിലയെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഗായകൻ എസ്പി ബാലസുബ്രമണ്യം. രാവിലെ മുതൽ തനിക്ക് നിരവധി ഫോൺ കോളുകൾ വരുന്നുണ്ടെന്നും, ജാനകിയമ്മ അന്തരിച്ചു എന്ന വ്യാജപ്രചാരണങ്ങളെ തുടർന്ന് നിരവധി പേർ വിളിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അസംബന്ധങ്ങൾ പ്രചരിപ്പിക്കരുതെന്നും ജാനകിയമ്മ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ശസ്ത്രക്രിയ പൂർത്തിയായ ഗായിക സുഖം പ്രാപിച്ച് വരുന്നതായും മറിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും എസ് ജാനകിയുടെ കുടുംബാംഗങ്ങളെ അധികരിച്ച് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എസ് ജാനകി ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും മകൻ മുരളി കൃഷ്ണ അറിയിച്ചു. ഇപ്പോൾ ആരോഗ്യനില ഏറെ മെച്ചപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. എസ് ജാനകി അന്തരിച്ചുവെന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് കുടുംബം സ്ഥിരീകരണവുമായി രംഗത്തെത്തിയത്.
Read More: പ്രിയപ്പെട്ട ജാനകിയമ്മയ്ക്കായി തെലുങ്കിൽ ആശംസ അർപ്പിച്ച് ചിത്ര
വ്യാജ വാർത്ത പ്രചരിക്കുന്നതിനിടെ ഗായകരടക്കമുള്ളവർ എസ് ജാനകിയുടെ കുടുംബാംഗങ്ങളെ ടെലഫോണിൽ ബന്ധപ്പെട്ടിരുന്നു. ഗായകൻ മനോ അടക്കമുള്ളവർ അവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
Just spoke to Janakiamma. She is in Mysuru. She is hale & healthy. Please don’t spread rumours #SJanaki pic.twitter.com/5RraX9R3Po
— Dr Mano (@ManoSinger_Offl) June 28, 2020
“ജാനകിയമ്മയോട് സംസാരിച്ചു. അവർ ഇപ്പോൾ മൈസൂരുവിലാണ്. അവർ പൂർണ ആരോഗ്യത്തോടെ കഴിയുന്നു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക”- മനോ ട്വീറ്റ് ചെയ്തു.
Read More: ജാനകിയമ്മ ഇനി പാടില്ല; സംഗീത വേദികളോട് വിട ചൊല്ലി
ഇതാദ്യമായല്ല എസ് ജാനകിയുടെ ആരോഗ്യ നില വഷളായെന്ന തരത്തിലും അവർ അന്തരിച്ചതായും വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. മുൻപും ഇത്തരം അഭ്യൂഹങ്ങൾ പ്രചരിച്ചപ്പോൾ അവരുടെ കുടുംബാംഗങ്ങൾ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
2018 ജൂണിൽ ഇത്തരമൊരു വാർത്ത പ്രചരിപ്പിച്ചവർക്തെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ കേരള ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. എസ് ജാനകി അന്തരിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേരളത്തിലെ ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ നൽകിയ പരാതിയിലായിരുന്നു നടപടി.
Read More എസ് ജാനകി മരിച്ചെന്ന് പ്രചാരണം: ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു
2017ൽ ബംഗളൂരുവിൽ നടന്ന പരിപാടിയിൽ ഇനി പൊതുവേദികളിലും ചലച്ചിത്രങ്ങളിലും പാടുന്നത് അവസാനിപ്പിക്കുകയാണെന്ന് എസ്. ജാനകി പ്രഖ്യാപിച്ചിരുന്നു. അതിനെത്തുടർന്ന് അവർ മരണപ്പെട്ടുവെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.