കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദന്താന്‍ ജില്ലയില്‍ പൊലീസ് സംഘടിപ്പിച്ച ഗാനമേളയില്‍ മോശം അനുഭവം നേരിട്ടതായി ഗായികയുടെ ആരോപണം. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മേഖ്ല ദാസ്ഗുപ്തയാണ് ആരോപണവുമായി ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയത്. പാതിരാത്രി ഫെയ്സ്ബുക്ക് ലൈവില്‍ വന്നാണ് മേഖ്ല ആരോപണങ്ങളുന്നയിച്ചത്.

‘ഈ സമയം ലൈവില്‍ വന്നതില്‍ നിങ്ങള്‍ എന്നോട് ക്ഷമിക്കണം. ഞാന്‍ വളരെ അപകടത്തിലാണ്. എന്റെ ജീവിതത്തില്‍ വളരെയധികം അപായസാധ്യതയോടെയാണ് ഞാന്‍ തിരികെ പോവുന്നത്. സുരക്ഷിതമായി തിരികെ പോവാന്‍ കഴിയുമോയെന്ന് എനിക്ക് അറിയില്ല,’ പരിപാടി കഴിഞ്ഞ് തിരികെ പോവുമ്പോഴായിരുന്നു ഗായിക ലൈവില്‍ വന്നത്. ഇതിന് പിന്നാലെ പിറ്റേന്ന് ഉച്ചയ്ക്ക് കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് ലൈവിലെത്തി. പരിപാടിയുടെ സംഘാടകര്‍ പറഞ്ഞയച്ച വാഹനത്തിലായത് കൊണ്ടാണ് തനിക്ക് കൂടുതലൊന്നും സംസാരിക്കാന്‍ കഴിയാതിരുന്നതെന്ന് മേഖ്ല പറഞ്ഞു.

‘ഞാന്‍ പാട്ട് ആരംഭിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ആ പാട്ട് വേണ്ടെന്ന് ആക്രോഷിച്ചു. അതോടെ ഞാന്‍ ഫാസ്റ്റ് നമ്പറുകള്‍ പാടി. അവര്‍ മദ്യപിച്ച് നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് സംഘാടകരില്‍ ഒരാള്‍ വേദിയിലുളള പൊലീസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് നീങ്ങി നില്‍ക്കാന്‍ എന്നോട് പറഞ്ഞത്. കോണ്‍സ്റ്റബിളുമാരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നു. പാട്ട് പാടുക മാത്രമല്ല അവര്‍ക്ക് വേണ്ടിയിരുന്നത്. പൊലീസുകാരുടെ മുമ്പില്‍ നൃത്തം ചെയ്ത് അവരെ കൂടി നൃത്തം ചെയ്യിക്കണമെന്നാണ് പറഞ്ഞത്,’ മേഖ്ല പറഞ്ഞു.

എന്നാല്‍ ഈ ആവശ്യം നിഷേധിച്ച തന്നോട് പൊലീസുകാര്‍ അടക്കമുളളവര്‍ മോശമായാണ് പെരുമാറിയതെന്നും ഗായിക പറഞ്ഞു. തുടര്‍ന്ന് തന്നോട് അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചീത്ത പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതോടെ വേദി വിട്ടതായും മേഖ്ല ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook