ന്യൂഡൽഹി: നിരോധിച്ച നോട്ടുകൾ മാറ്റി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത ഗായിക അറസ്റ്റിൽ. സ്റ്റേജ് ഗായികയായ ഹരിയാന സ്വദേശി ശിഖ രാഘവ് എന്ന 27 കാരിയാണ് അറസ്റ്റിലായത്. ശിഖയുടെ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് ഡൽഹി പൊലീസ് ഇവരെ പിടികൂടിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പൊലീസ് ഇവരെ പിടികൂടാനായി ശ്രമം നടത്തുകയായിരുന്നു.
ഹരിയാനയില്‍ ശിഖ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് എത്തി ഇവരെ പിടികൂടി ഡല്‍ഹിയിലെത്തിച്ചു. എന്നാല്‍ ഇവരുടെ കൈയ്യില്‍ നിന്നും പൊലീസ് ഇതുവരെ പണമൊന്നും കണ്ടെടുത്തിട്ടില്ല. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും മതപരമായ വേദികളിലും മറ്റും ഇവര്‍ ഗാനം ആലപിക്കാറുണ്ട്. 2016ല്‍ രാംലീല നടക്കുമ്പോഴാണ് വിരമിച്ച പാരാമിലിട്ടറി ഉദ്യോഗസ്ഥനെ ശിഖ പരിചയപ്പെട്ടത്. ശിഖയ്ക്കൊപ്പം സുഹൃത്തായ പവനും തട്ടിപ്പിനുണ്ടായിരുന്നു.
ഉദ്യോഗസ്ഥനെ പറഞ്ഞ് കബളിപ്പിച്ച ശിഖ പണം തട്ടിയെടുത്ത് സ്ഥലം വിട്ടു. രൂപ് നഗർ പൊലീസ് സ്റ്റേഷനിൽ ഓഫീസർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശിഖയെ അറസ്റ്റ് ചെയ്തത്. കേസിൽ പവൻ നേരത്തെ അറസ്റ്റിലായെങ്കിലും ശിഖ ഒളിവിൽ പോവുകയായിരുന്നു. രണ്ടു വർഷത്തിനു ശേഷമാണ് ശിഖ രാഘവിനെ പിടികൂടാൻ പൊലീസിനായത്