ഗർഭിണിയായിരിക്കെ കോവിഡ് ബാധിച്ച യുവതി ജന്മം നൽകിയ കുഞ്ഞിന്റെ ശരീരത്തിൽ ആന്റിബോഡികളുടെ സാന്നിദ്ധ്യം കണ്ടെത്തി. ഇത് വൈറസ് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പടരുമോ എന്ന ചോദ്യത്തിന് പുതിയ സൂചനകൾ നൽകുകയാണ്.

കോവിഡില്ലാതെയാണ് ഈ മാസം കുഞ്ഞ് ജനിച്ചതെങ്കിലും ശരീരത്തിൽ ആന്റി ബോഡി കണ്ടെത്തിയ കാര്യം മാതാവായ സെലിൻ നിഗ്-ചാൻ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്.

“എന്റെ ശരീരത്തിലെ കോവിഡ്-19 ആന്റിബോഡികൾ ഗർഭകാലത്ത് ഞാൻ കുഞ്ഞിലേക്ക് കൈമാറിയോ എന്ന് ഡോക്ടർ സംശയിക്കുന്നു,” സെലിൻ പറയുന്നു. മാര്‍ച്ചിലാണ് സെലിന് കോവിഡ് ബാധിച്ചത്. രോഗം ഗുരുതരമാകാത്തതിനാല്‍ രണ്ടര ആഴ്ച ചികിത്സയില്‍ കഴിഞ്ഞ ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങി.

കോവിഡ്-19 ഉള്ള ഗർഭിണിയായ ഒരു സ്ത്രീക്ക് ഗർഭാവസ്ഥയിലോ പ്രസവത്തിനിടയിലോ കുഞ്ഞിലേക്ക് വൈറസ് പകരാൻ കഴിയുമോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ ആവരണം ചെയ്തിരുന്ന ദ്രാവകസാംപിളുകളിലോ മുലപ്പാലിലോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കോവിഡ് രോഗിയായ അമ്മയില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്ന് ജാമ പീഡിയാട്രിക്‌സില്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

എമര്‍ജിങ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കോവിഡ് രോഗിയായ അമ്മയ്ക്ക് ജനിക്കുന്ന കുട്ടികളില്‍ കാണപ്പെടുന്ന ആന്റിബോഡികളെ കുറിച്ചും കാലക്രമേണ അവയില്‍ വരുന്ന കുറവിനെ കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook