സിംഗപ്പൂർ: ലഹരിമരുന്ന് കടത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വംശജനെ സിംഗപ്പൂരിൽ വധിച്ചു. ദയാഹർജിക്കായി ബന്ധുക്കളും സാമൂഹിക പ്രവർത്തകരും അഭ്യർത്ഥിച്ചിട്ടും ഫലമുണ്ടായില്ലെന്ന് കുടുംബത്തിന്റെ പ്രതിനിധി പറഞ്ഞു. 2013ൽ ഒരു കിലോഗ്രാം (2.2 പൗണ്ട്) കഞ്ചാവ് കടത്താൻ ശ്രമിച്ചതിനാണ് തങ്കരാജു സൂപ്പയ്യ (46) വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടത്.
വധശിക്ഷയുടെ തലേന്ന് സുപ്പയ്യയുടെ ദയാഹർജികൾ പ്രസിഡന്റ് തള്ളിയതിനെ തുടർന്ന് കൂക്കിലേറ്റിയതായി കുടുംബത്തെ പ്രതിനിധീകരിച്ച സിംഗപ്പൂർ ആസ്ഥാനമായുള്ള റൈറ്റ്സ് ആക്ടിവിസ്റ്റ് കോകില അണ്ണാമലൈ സ്ഥിരീകരിച്ചു. അതേസമയം, ഇക്കാര്യത്തിൽ പ്രതികരണത്തിന് സിംഗപ്പൂർ സർക്കാർ തയ്യാറായില്ല.
സുപ്പയ്യയെ അറസ്റ്റ് ചെയ്യുമ്പോൾ ലഹരിമരുന്ന് സമീപമില്ലാതിരുന്നതിനാൽ ക്രിമിനൽ ശിക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതായിരുന്നു വിധിയെന്ന് വധശിക്ഷയെ എതിർക്കുന്ന ബ്രിട്ടീഷ് കോടീശ്വരൻ റിച്ചാർഡ് ബ്രാൻസൺ അഭിപ്രായപ്പെട്ടു. ബ്രാൻസൺ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും നീതിന്യായ വ്യവസ്ഥയെ അനാദരിക്കുകയാണെന്നും സർക്കാർ ഇതിനു മറുപടിയായി പറഞ്ഞു. മൂന്ന് വർഷത്തിലേറെ കേസ് കോടതി പരിഗണിച്ചുവെന്നും ബ്രാൻസന്റെ അവകാശവാദം അസത്യമാണെന്നും സർക്കാർ അറിയിച്ചു.
വധശിക്ഷ നടപ്പാക്കരുതെന്നും മയക്കുമരുന്ന് സംബന്ധമായ കുറ്റങ്ങൾക്കുള്ള വധശിക്ഷയ്ക്ക് ഔപചാരിക മൊറട്ടോറിയം സ്വീകരിക്കണമെന്നും യുഎൻ മനുഷ്യാവകാശ ഓഫീസും സിംഗപ്പൂരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം സിംഗപ്പൂരിൽ 11 പേരെയാണ് വധിച്ചത്. മയക്കുമരുന്നുകൾക്കെതിരായ ഫലപ്രദമായ പ്രതിരോധമാണ് വധശിക്ഷയെന്നും ഭൂരിഭാഗം ആളുകളും ഈ നയത്തെ പിന്തുണയ്ക്കുന്നുവെന്നുമാണ് സിംഗപ്പൂർ സർക്കാർ പറയുന്നത്.