ന്യൂഡല്‍ഹി: ഒരു വര്‍ഷം ഒരു തിരഞ്ഞെടുപ്പ് മാത്രം നടത്താനുള്ള നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോ കമ്മീഷനില്‍ നിന്നും ലഭിച്ച കത്തിന് ഏപ്രില്‍ 24നയച്ച മറുപടിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ പുതിയ അഭിപ്രായം മുന്നോട്ട് വച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ കൂടെത്തന്നെ സംസ്ഥാന തിരഞ്ഞെടുപ്പും നടത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ആശയം സ്വീകരിച്ചത്. ഈ ആശയം ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തിന് സമാന്തരമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വയ്ക്കുന്നത്.
ഒരേ കാലയളവിലെ തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ കമ്മീഷന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും സാമ്പത്തികമായും, നിയമപരമായുള്ള പ്രശ്നങ്ങൾ കുറയ്ക്കാനാണ് ഒരു വര്‍ഷത്തേയ്ക്കുള്ള എല്ലാ തിരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്താൻ സാധിക്കുമോ എന്നൊരു സമാന്തര പദ്ധതി കമ്മീഷന്‍ ആലോചിക്കുന്നത്. നിലവില്‍ അടുത്തടുത്തുള്ള മാസങ്ങളില്‍ കാലാവധി കഴിയുന്ന സംസ്ഥാനങ്ങളിലാണ് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ കാലാവധി അവസാനിക്കാൻ ആറു മാസം കാലയളവ് ഉണ്ടെങ്കിൽ അവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുവാൻ 1951ലെ ജനപ്രാതിനിധ്യ നിയമം പ്രകാരം സാധ്യമല്ല. അതിനാലാണ് ഒരു വര്‍ഷം തന്നെ ഒന്നില്‍ക്കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ട സാഹചര്യം വരുന്നത്.
2017ല്‍ ഏഴ് സംസ്ഥാനങ്ങളുടെ കാലവധിയായിരുന്നു തീരുന്നത്. പക്ഷേ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താൻ നിലവിലെ നിയമപ്രകാരം സാധ്യമാകുമായിരുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലെ (പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ) തിരഞ്ഞെടുപ്പ് ആദ്യവും ബാക്കിയുള്ള രണ്ട് സംസ്ഥാനങ്ങളിലെ (ഗുജറാത്ത്, ഹിമാചല്‍പ്രദേശ്) കഴിഞ്ഞ വര്‍ഷം അവസാനവുമാണ് നടത്തിയത്.
ഭരണഘടനയില്‍ വലിയ ഭേദഗതികള്‍ ഒന്നുമില്ലാതെ തന്നെ ‘ഒരു വര്‍ഷം ഒരു തിരഞ്ഞെടുപ്പ്’ എന്ന നിർദേശം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നാണ് കമ്മീഷന്‍ കരുതുന്നത്. പാര്‍ലമെന്റ് ഹൗസുകളുടെ സമയകാലാവധി കൈകാര്യം ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആര്‍ട്ടിക്കിള്‍ 83 നോടൊപ്പം, ആര്‍ട്ടിക്കിള്‍ 85 (പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ച് വിടുന്നത്), ആര്‍ട്ടിക്കിള്‍ 172 (സംസ്ഥാന നിയമസഭകളുടെ കാലാവധി), ആര്‍ട്ടിക്കിള്‍ 174 (സംസ്ഥാന നിയമസഭകളുടെ പിരിച്ച് വിടല്‍), ആര്‍ട്ടിക്കിള്‍ 356 (പ്രസിഡന്റ് ഭരണം) എന്നിവയില്‍ ഭേദഗതികള്‍ വരുത്തിയാല്‍ മാത്രമേ ഒരു വര്‍ഷം തന്നെ എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താന്‍ സാധിക്കും.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 15 ല്‍ മാത്രം ഭേദഗതി കൊണ്ട് വന്നാല്‍ ഈ ആശയം പ്രായോഗികമാക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്‍ നിയമോപദേശകനായിരുന്ന എസ്.കെ.മെൻഡിരട്ടയുടെ അഭിപ്രായം.
“തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ കാലവാധി ഒമ്പതോ, പത്തോ മാസമായി മാറ്റാൻ സാധിച്ചാൽ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി തീരുന്ന എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ സാധിക്കും. നിലവിൽ നിയമസഭകൾക്ക് ആറ് മാസം കാലയളവുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യമല്ല. ജനപ്രാതിനിധ്യ നിമത്തിലെ വകുപ്പ് 73 ലെ നിബന്ധന പ്രകാരം കാലാവധി തീരുന്നതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് ഫലം വന്നാലും, നിലവിലെ നിയമസഭയക്ക് തങ്ങളുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കും. അതിന് ശേഷം മാത്രമേ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുകയുള്ളൂ.”, അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
2016 ലെ പാര്‍ലമെന്റ്, സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ താല്‍പര്യം ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെയ് 16ന് ലോ കമ്മീഷനുമായി നടത്തിയ മീറ്റിങ്ങില്‍ വീണ്ടും ഇതിലുള്ള താൽപര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രകടിപ്പിച്ചിരുന്നു.
Read in English: EC has a Plan B for simultaneous polls: One year, one election