/indian-express-malayalam/media/media_files/uploads/2017/07/ajit-doval1Out.jpg)
ബീജിങ്: ബ്രിക്സ് സമ്മേളനവുമായി ബന്ധപ്പെട്ടു ബീജിങ്ങിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് സ്റ്റേറ്റ് കൗൺസിലർ യാങ് ജിയേഷിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ചൈന അതിർത്തിപ്രശ്നം ചർച്ച ചെയ്യുന്ന പ്രത്യേക പ്രതിനിധികളാണ് ഇരുവരും. ഒരുമാസത്തിലധികമായി സിക്കിമിലെ ദോക് ലാ മേഖലയിൽ ഇരുസൈന്യവും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
എന്നാൽ, അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്നം ചർച്ചയായോ എന്ന് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇന്ത്യയെ കൂടാതെ ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ ഉന്നത സുരക്ഷാ പ്രതിനിധികളുമായും യാങ് ജിയേഷി കൂടിക്കാഴ്ച നടത്തിയെന്ന് ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിലുള്ള വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉഭയകക്ഷി ബന്ധം, രാജ്യാന്തര–അതിർത്തി പ്രശ്നങ്ങൾ, മറ്റു പ്രധാന വിഷയങ്ങൾ എന്നിവ ചർച്ചയായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ സിക്കിം വിഷയമുണ്ടോ എന്ന് വ്യക്തമല്ല.
ദോക്‌ലാം പീഠഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ശക്തമായി തുടരുന്നതിനിടെ ഇന്ത്യയെ ഭീഷണിപ്പെടുത്തി ചൈന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. "ഞങ്ങളുടെ സൈനിക ശേഷിയെ കുറിച്ച് വ്യാമോഹങ്ങൾ വേണ്ടെ"ന്നാണ് പത്രസമ്മേളനത്തിൽ ചൈനയുടെ സൈനിക വക്താവ് വു ഖിയാൻ പറഞ്ഞത്. ചൈനയുടെ അതിർത്തി സംരക്ഷിക്കുന്നതിന് പ്രായോഗിക നിലപാടുകളാണ് ഇന്ത്യ കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. "എല്ലാ കാര്യങ്ങളും ഭാഗ്യത്തിന് കൊടുത്തുള്ള ഒരു കളിക്കും ഇന്ത്യ നിൽക്കരുത്. ചൈനയെ കുറിച്ച് തെറ്റായ ധാരണകൾ വച്ച് പുലർത്തുകയും വേണ്ട", റ്യൂട്ടേർസ് റിപ്പോർട്ടിൽ ഖിയാൻ പറയുന്നതിങ്ങനെ.
"പ്രകോപനം സൃഷ്ടിക്കാതെ പ്രായോഗികമായ പ്രശ്ന പരിഹാര സാധ്യതകളാണ് ഇന്ത്യ തേടേണ്ടത്. അതിർത്തിയിൽ പ്രശ്ന പരിഹാരത്തിനും സമാധാനത്തിനും ചൈനയോട് കൈകോർക്കാൻ ഇന്ത്യ തയ്യാറാകണം", അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തി പ്രദേശത്ത് ദോക്ലാം പീഠഭൂമിക്ക് സമാന്തരമായി 3500 കിലോമീറ്റർ ദൂരത്തിലാണ് ചൈന റോഡ് നിർമ്മാണം ആരംഭിച്ചത്. ഇതിനെതിരെ ഇന്ത്യ രംഗത്ത് വന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം വഷളായി. തുടർന്ന് ആരോപണ-പ്രത്യാരോപണങ്ങളും ഭീഷണികളും ഇരു രാജ്യങ്ങൾക്കുമിടയിൽ തുടരുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.