ന്യൂഡല്‍ഹി: ഇന്ത്യാ- ചൈന ബന്ധം വഷളായ സാഹചര്യത്തില്‍ ഇന്ത്യയില്‍ താമസിക്കുന്ന പൗരന്‍മാര്‍ക്ക് ചൈന ജാഗ്രതാ നിര്‍ദേശം നല്‍കി. അനാവശ്യമായ യാത്ര ഒഴിവാക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും ചൈനീസ് എംബസി പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

ജൂലൈ 7നാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരമൊരു നോട്ടീസ് പുറത്തിറക്കിയതിന്റെ കാരണം ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പൊലീസിനെയോ ഡല്‍ഹിയിലെ ചൈനീസ് എംബസിയിലോ ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.

സിക്കിമിലെ ദോക് ലാം പ്രദേശത്ത് ജൂണ്‍ മുതല്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. മേഖല ഇന്ത്യ-ചൈന-ഭൂട്ടാന്‍ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമാണ്. ചൈനയും ഭൂട്ടാനും അതിര്‍ത്തി പങ്കിടുന്ന സ്ഥലത്ത് ചൈന റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതോടെ പ്രതിഷേധിച്ച ഭൂട്ടാന്‍ ഇന്ത്യയുടെ സഹായം തേടി.

ഭൂട്ടാന്റെ ആവശ്യം ന്യായമാണെന്നും ചൈന റോഡ് നിര്‍മാണം നിര്‍ത്തി പിന്‍മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതോടെ ചൈന പ്രകോപിതരായി. ഭൂട്ടാനുമായുള്ള പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടേണ്ടെന്ന് ചൈന തിരിച്ചടിച്ചു.

ഇതിനിടെയാണ് ദോക് ലായില്‍ ഇന്ത്യന്‍മേഖലയിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയതും രണ്ടു ബങ്കറുകള്‍ തകര്‍ത്തതും. ഇന്ത്യയുടെ സൈനികര്‍ തങ്ങളുടെ അതിര്‍ത്തി കടന്നുവെന്ന ആരോപണവും ചൈന ഉന്നയിച്ചു. സൈനികമായി ഇരുരാജ്യങ്ങള്‍ക്കും പ്രധാനമാണ് ദോക് ലാ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ