ന്യൂഡൽഹി: സിക്കിം അതിർത്തിയിലെ ദോക്‌ലാമിൽ നിന്ന് ഇന്ത്യൻ സൈന്യം പിന്മാറിയില്ലെങ്കിൽ ശക്തമായ സൈനിക നടപടിയുമായി ചൈന മുന്നോട്ട് പോകുമെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട്. ചൈനയുടെ ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസ് ഇന്ത്യയെ ഏറ്റവും കയ്പേറിയ പാഠം പഠിപ്പിക്കണമെന്നും തങ്ങളുടെ എഡിറ്റോറിയലിൽ പറഞ്ഞിട്ടുണ്ട്.

സൈനിക നടപടിയുമായി ചൈന മുന്നോട്ട് പോയാൽ 1962 ലേതിനേക്കാൾ കനത്ത നഷ്ടം ഇന്ത്യയ്ക്കുണ്ടാകും. ഇത് ഒഴിവാക്കണമെങ്കിൽ ഇന്ത്യ അതിർത്തിയിൽ നിന്ന് പിന്മാറണമെന്നാണ് ചൈനയുടെ ആവശ്യം.

ഇന്ത്യ അതിർത്തി കടന്ന് നടത്തുന്ന അധിനിവേശത്തിൽ ചൈനയിലെ ജനങ്ങൾ രോഷാകുലരാണെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നുണ്ട്. “ചൈനയുടെ അതിർത്തിക്കകത്ത് നിന്ന് ഇന്ത്യൻ സൈന്യത്തെ പുറത്താക്കാൻ ചൈനീസ് സേനയ്ക്ക് കരുത്തുണ്ട്. മാന്യതയോടെ ഇന്ത്യൻ സൈന്യം ചൈനയിൽ നിന്ന് പിന്മാറണം. അല്ലെങ്കിൽ ചൈന അടിച്ച് പുറത്താക്കും” ഗ്ലോബൽ ടൈംസിന്റെ എഡിറ്റോറിയൽ പറയുന്നു.

“ഇന്ത്യയെ നേരിടുന്ന കാര്യത്തിൽ സൈന്യത്തിന് പൂർണ്ണ അധികാരം നൽകണം. ചൈനീസ് സമൂഹം ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കണം. രാജ്യം ഒറ്റക്കെട്ടായി നിന്നാൽ അത് സൈന്യത്തിന് കൂടുതൽ ശക്തമായി ആക്രമിക്കാനുള്ള മനക്കരുത്ത് നൽകും. ഇത്തവണ ന്യൂഡൽഹിയ്ക്ക് ഏറ്റവും കയ്പേറിയ പാഠമായിരിക്കണം ചൈന നൽകേണ്ടത്” എഡിറ്റോറിയൽ വിശദീകരിച്ചു.

ഇന്ത്യ എത്ര ശക്തമായ യുദ്ധത്തിനും സജ്ജരാണ് എന്ന സൈനിക മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവനയാണ് ഗ്ലോബൽ ടൈംസിന്റെ മറുപടിക്ക് പിന്നിൽ. നേരത്തേ ഇന്ത്യ ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന പ്രകോപനപരമായ പ്രസ്താവനയ്ക്ക് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി ശക്തമായ മറുപടി നൽകിയിരുന്നു.

ജൂൺ ആറിന് സിക്കിമിൽ ശക്തമായ തർക്കം ആരംഭിച്ചപ്പോൾ മുതൽ ചൈനീസ് മാധ്യമങ്ങൾ പ്രകോപനപരമായ പ്രസ്താവനകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. ഭൂട്ടാൻ-ചൈന അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ ചെറുക്കാൻ ഇന്ത്യയാണ് ഭൂട്ടാന് സൈനിക സഹായം നൽകുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ